വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; യുവാവിനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവറുടെ ക്രൂരത

Update: 2025-02-17 08:55 GMT

ബെംഗളൂരു: വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവറുടെ ക്രൂരത. ബെംഗളൂരുവിലെ നെലമംഗല ടോളിലാണ് ക്രൂരമായ സംഭവം നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മറികടക്കുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കം ഉടലെടുത്തത്. ദേശീയ പാതയിലൂടെ യുവാവിനെ 50 മീറ്ററോളം വലിച്ചിഴച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ടോള്‍ ബൂത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴാണ് തര്‍ക്കം തുടങ്ങിയത്. ടോള്‍ നല്‍കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ അടുത്ത വാഹനത്തിലെ യുവാവ് കാര്‍ ഡ്രൈവറോട് സംസാരിക്കാനെത്തി. ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ച കാര്‍ ഡ്രൈവര്‍, ടോള്‍ ഗേറ്റ് തുറന്നപ്പോള്‍ പിടിവിടാതെ വാഹനം മുന്നോട്ടെടുത്തു.

50 മീറ്ററോളം ഇദ്ദേഹത്തെ വലിച്ചിഴച്ച് കാര്‍ സഞ്ചരിച്ചു. തുടര്‍ന്ന് യുവാവ് റോഡില്‍ വീണതോടെ അവിടെ ഉപേക്ഷിച്ച് കാര്‍ അതിവേഗം ഓടിച്ചു പോയി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Similar News