പെട്രോള്‍ 100ന് അടിക്കണോ 110ന് അടിക്കണോ? അറിയാം വസ്തുത

Update: 2025-01-07 06:55 GMT

പെട്രോളോ ഡീസലോ നിറയ്ക്കുമ്പോള്‍ ആളുകള്‍ 100 രൂപയ്ക്ക് പകരം 110 രൂപയോ 120 രൂപയോ വെച്ച് ഇന്ധനം നിറയ്ക്കുന്നത് സാധാരണയായി കണ്ടുവരാറുണ്ട്. അതുപോലെ, ചിലര്‍ 500 രൂപയ്ക്ക് ഇന്ധനം നിറക്കണമെങ്കില്‍ 495 രൂപ തിരഞ്ഞെടുക്കും. എന്താണ് കാരണം? പെട്രോള്‍ പമ്പിലെ മീറ്ററുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു തന്ത്രം പയറ്റാന്‍ വാഹനഉടമകളെ പ്രേരിപ്പിക്കുന്നതെന്ന് ക്വോറ സൈറ്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അനിമേഷ് കുമാര്‍ സിന്‍ഹ മറുപടി നല്‍കി.

സിന്‍ഹയുടെ അഭിപ്രായ പ്രകാരം പെട്രോള്‍ പമ്പുകള്‍ 100, 200, 500, 1000 രൂപ പോലെയുള്ള സാധാരണ ഇന്ധന തുകകള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച കോഡുകള്‍ ഉപയോഗിക്കുന്നു. ഈ കോഡുകള്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ഇന്ധനം നല്‍കപ്പെടുന്നു, ഇത് ജീവനക്കാരുടെ സമയവും അമിത ജോലിയും ലാഭിക്കുന്നതിന് വേണ്ടിയാണ്. അതേസമയം ഈ തുകകള്‍ പെട്രോള്‍ പമ്പിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണെന്നും തങ്ങള്‍ക്ക് കുറഞ്ഞ ഇന്ധനം ലഭിക്കുന്നുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കുന്നുണ്ടെന്നും ഉമേഷ് സിന്‍ഹ പറയുന്നു.

വാസ്തവത്തില്‍, പെട്രോള്‍ പമ്പുകളില്‍ ഫ്‌ളോ മീറ്റര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം 'ലിറ്റര്‍' അളവില്‍ ഇന്ധനം വിതരണം ചെയ്യാന്‍ സഹായിക്കുന്നു. പമ്പിലെ എല്ലാ കണക്കുകൂട്ടലുകളും ലിറ്ററിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ നിരക്കും വിതരണം ചെയ്യുന്ന അളവും അടിസ്ഥാനമാക്കി സോഫ്റ്റ്വെയര്‍ ലിറ്ററിനെയാണ് രൂപയാക്കി മാറ്റുന്നത്.

അതിനാല്‍, 100 രൂപയോ 110 രൂപയോ 120 രൂപയോ നല്‍കുന്നത് ലിറ്ററിന്റെ കണക്കിന് പുറത്തുള്ള തുകയാവാന്‍ കാരണായേക്കാം. ഉദാഹരണത്തിന്, 10.24 ലിറ്റര്‍ 10.2 ലിറ്ററായി ചുരുങ്ങിയേക്കാം. റൗണ്ട് നമ്പറുകള്‍ ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ ഇന്ധനം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറയുന്നു.

കൃത്യമായ ഇന്ധന വിതരണം ഉറപ്പാക്കാന്‍, ഒരാള്‍ക്ക് ലിറ്ററില്‍ ഇന്ധനം ആവശ്യപ്പെടാവുന്നതാണ്. ഇതിന്റെ തുക യുപിഐ വഴി കൃത്യമായ തുക നല്‍കുകയും ചെയ്യാം.എണ്ണക്കമ്പനികള്‍ക്കൊപ്പം വെയ്റ്റ്‌സ് ആന്‍ഡ് മെഷര്‍മെന്റ് വകുപ്പും, പൊതുവിതരണ സംവിധാനങ്ങളും പെട്രോള്‍ പമ്പുകളിലെ ഫ്േളാ മീറ്ററുകള്‍ പരിശോധിക്കുന്നുണ്ട്. പെട്രോള്‍ സാന്ദ്രത സ്ഥിരമായതിനാല്‍ അളവില്‍ കള്ളത്തരം കാണിക്കാനാവില്ലെന്നും ഉമേഷ് സിന്‍ഹ മറുപടി നല്‍കുന്നു.

പെട്രോള്‍ പമ്പില്‍ നിന്ന് നിറച്ച ഇന്ധനത്തില്‍ ആശങ്കകളുണ്ടെങ്കില്‍, വെയ്റ്റ്‌സ് ആന്‍ഡ് മെഷര്‍മെന്റ് വകുപ്പില്‍ പരാതി നല്‍കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. സാധാരണഗതിയില്‍ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന് െഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാധുവായ പരാതികള്‍ക്ക് കനത്ത പിഴ ഈടാക്കും. പമ്പുകളില്‍ തന്നെ ടോള്‍ ഫ്രീ പരാതി നമ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും.

Similar News