ദാരിദ്ര്യമല്ല, അത്യാര്‍ത്തിയാണ് കേരളീയരെ സാമ്പത്തികത്തട്ടിപ്പിന്റെ ചെളിക്കുണ്ടിലാഴ്ത്തുന്നത്. ഇളവുണ്ടെന്ന് പറഞ്ഞാല്‍, റിബേറ്റുണ്ടെന്ന് പറഞ്ഞാല്‍, ഇന്ന തിയതിവരെ ഓഫറുണ്ടെന്ന് പറഞ്ഞാല്‍ പ്രൊഫസര്‍മാരും ഡോക്ടര്‍മാരും ബുദ്ധിജീവികളുമടക്കം എത്ര മണിക്കൂറും ക്യൂനില്‍ക്കും. ഉറുപ്പികനോട്ട് ഇരട്ടിപ്പിച്ചുകൊടുക്കുമെന്ന് വാഗ്ദാനം ചെയ്താല്‍ ആരെയും അറിയിക്കാതെ നോട്ടുമെടുത്ത് ഇരട്ടിപ്പിക്കാന്‍ കൊടുക്കും. സ്വര്‍ണാഭരണം പ്രത്യേക രാസവിദ്യയിലൂടെ കൂടുതല്‍ തൂക്കമുള്ളതാക്കുമെന്നു പറഞ്ഞാല്‍ കഴുത്തിലെയും കാതിലെയും ആഭരണങ്ങള്‍ ഊരിക്കൊടുക്കും. ബാങ്കുകള്‍ നല്‍കുന്നതിന്റെ ഇരട്ടി പലിശ തരാമെന്ന് പറഞ്ഞാല്‍ ഏത് അപരിചിത കമ്പനിയിലും നിക്ഷേപിക്കും. തീരാത്ത ആര്‍ത്തി മനസിലാക്കിയാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. ലാബല്ല പോലെ വലുതും ചെറുതുമായ നൂറുകണക്കിന് നിക്ഷേപത്തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറി. ആട്, തേക്ക്, മാഞ്ചിയം പോലുള്ള എത്രയെത്ര നിക്ഷേപത്തട്ടിപ്പുകള്‍... മൂവായിരം കോടിയുടെ പോപ്പുലര്‍ തട്ടിപ്പ്, മൂവായിരത്തിലേറെ കോടികളുടെ ഹൈറിച്ച് തട്ടിപ്പ്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്... ഓരോന്നിന്റെയും വാര്‍ത്തകള്‍ വരുമ്പോള്‍ അതൊരു പാഠമാകുമെന്നും ഇനിയാരും ഇത്തരം വഞ്ചനകളില്‍ തലവെച്ച് കൊടുക്കില്ലെന്നും വിചാരിക്കും. അടുത്തദിവസം തന്നെ പഴയതെല്ലാം മറന്ന് പുതിയ പുതിയ തട്ടിപ്പുകളില്‍ വീഴും... എന്തൊരു പ്രബുദ്ധ നാടാണ് നമ്മുടേത്.
പകുതിവിലയ്ക്ക് സ്‌കൂട്ടര്‍, പകുതി വിലയ്ക്ക് ലാപ്ടോപ്, പകുതി വിലയ്ക്ക് വീട്ടുപകരണങ്ങള്‍- നല്ല പുതുപുത്തന്‍ സാധനങ്ങള്‍, പകുതി വില മുന്‍കൂര്‍ നല്‍കിയാല്‍ മതിയെന്നാണ് പ്രലോഭനം. ആ പ്രലോഭനത്തില്‍ വീണ് പതിനായിരക്കണക്കിനാളുകളാണ് പണം നല്‍കിയത്. ആയിരക്കണക്കിന് കേസുകള്‍ വന്നിരിക്കുന്നു. നാഷണല്‍ എന്‍.ജി.ഓസ് കോണ്‍ഫെഡറേഷന്റെയും സായിഗ്രാം ട്രസ്റ്റിന്റെയും സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച്് ഡവലപ്മെന്റ് സൊസൈറ്റിയുടെയും (സീഡ്) പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ -കേന്ദ്ര ഭരണകക്ഷിക്ക് ഏറ്റവും താല്‍പര്യമുള്ള പേര്. രണ്ടുകൊല്ലം കൊണ്ട് ആയിരം കോടിയുടെ പിരിവ് തട്ടിപ്പ് നടത്തിയിരിക്കുന്ന ഇരുചക്രത്തട്ടിപ്പുവീരന്റെ കണ്ണ് കാസര്‍കോട്ടേക്ക് പതിഞ്ഞിട്ടില്ലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മറ്റു ജില്ലകളിലേതുപോലെ ആയിരക്കണക്കിന് പരാതികളില്ലെങ്കിലും കാസര്‍ക്കോട്ടും കാഞ്ഞങ്ങാട്ടും നൂറുകണക്കിനാളുകള്‍ വഞ്ചിതരായിട്ടുണ്ടെന്നാണ് വൈകിവരുന്ന വാര്‍ത്തകള്‍.
സര്‍ക്കാരിതര സംഘടനകള്‍ അഥവാ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ ജാഗ്രതയോടെ കാണണമെന്നത് ഇരുപതുവര്‍ഷം മുമ്പ് കേരളത്തില്‍ വലിയ ചര്‍ച്ചയും വിവാദവുമൊക്കെ നടന്നതാണ്. എന്‍.ജി.ഒകളെ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും അരാഷ്ട്രീയവല്‍ക്കരണവും അന്ന് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ ജാഗ്രത മാത്രം ഉണ്ടായില്ല. അനന്തുകൃഷ്ണ എന്ന ഒരു യുവാവ് ഇടുക്കിയിലെ കോളപ്രയില്‍ സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ രൂപീകരിച്ച സീഡ് എന്ന എന്‍.ജി.ഒ. രണ്ട് വര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ എല്ലാ ജില്ലയിലുമായി 66 ശാഖകളുണ്ടാക്കുകയും അതിന്റെ പ്രവര്‍ത്തനത്തിനായി നൂറുകണക്കിനാളുകളെ റിക്രൂട്ട് ചെയ്യുകയും പകുതി വില എന്ന പ്രലോഭനത്തിലൂടെ പതിനായിരക്കണക്കിനാളുകളെ കുടുക്കുകയുമാണ് ചെയ്തത്. സായിബാബയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് കേരളത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്തെ നാലാമത്തെയും. സീഡിന്റെ നായകനായ അനന്തുകൃഷ്ണ സായിഗ്രാമത്തിന്റെ സ്ഥാപകനും നായകനുമായ ആനന്ദകുമാറിനോട് ചേര്‍ന്നപ്പോള്‍ ഒക്കേണ്ടത് ഒത്തു. രാഷ്ട്രീയനേതാവുകൂടിയായ ലാലി വിന്‍സെന്റ് എന്ന വക്കീലിന്റെ കൂര്‍മബുദ്ധിയും കൂടിയായതോടെ എല്ലാം തികഞ്ഞു. മുമ്പൊക്കെ എല്ലാവരും കേട്ടിട്ടുള്ളത് എന്‍.ജി.ഒകള്‍ എന്ന് മാത്രമാണ്. അതിനൊരു ദേശീയ-സംഘടനയുണ്ടാക്കിയെന്ന് വരുത്താനുള്ള ബുദ്ധിയും അനന്തുവിന്റെയും ആനന്ദന്റെയും തന്നെ. പട്ടേല്‍, സായിബാബ, ദേശീയം അങ്ങനെ എല്ലാ ചേരുവയുമായപ്പോള്‍ പ്രധാനമന്ത്രിയെയടക്കം കണ്ട് ഫോട്ടോയെടുത്ത് പ്രചരണം, കുറേപേര്‍ക്ക് പാതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനത്തിന് മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, നേതാക്കള്‍... പോരേ പൂരം.
കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭത്തില്‍ ഒരുവിഹിതം സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടായി നല്‍കണമെന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് ഇരുപത് കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ചാണ് മാതൃഭൂമി സ്‌കൂളുകളില്‍ കാര്‍ഷികപദ്ധതി സീഡ് എന്ന പേരില്‍ നടപ്പാക്കുന്നത്. എന്നാല്‍ സി.എസ്.ആര്‍. ഫണ്ട് ഇത്തരം സ്വകാര്യ സര്‍ക്കാരിതര സംഘടന മുഖേന പകുതി വിലയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ നല്‍കുന്ന പതിവില്ല എന്ന് അധികൃതരെങ്കിലും മനസിലാക്കേണ്ടതായിരുന്നില്ലേ. ം.പിമാരും മന്ത്രിമാരും ഉദ്ഘാടനത്തിനും വിതരണത്തിനുമെല്ലാം പോകുമ്പോള്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടതല്ലേ. ഇടുക്കിയിലെ സീഡ് എന്ന എന്‍.ജി.ഒ. എല്ലാ ജില്ലയിലും എല്ലാ പഞ്ചായത്തിലും പ്രമോട്ടര്‍മാരെ നിയമിച്ച് പിരിവുനടത്തുകയും സി.എസ്.ആര്‍. എന്ന് പറയുകയും ചെയ്യുമ്പോള്‍ പൊലീസിനും സ്പെഷല്‍ ബ്രാഞ്ചിനുമൊന്നും കള്ളക്കളി മണത്തതേയില്ല! എന്തിനധികം ഹൈക്കോടതിയില്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിരുന്ന സി.എന്‍. രാമചന്ദ്രന്‍നായര്‍ പോലും അനന്തുവിന്റെയും ആനന്ദന്റെയും തട്ടിപ്പില്‍ വീണുപോയില്ലേ. റിട്ട. ജസ്റ്റിസായ രാമചന്ദ്രന്‍ നായര്‍ക്കുപോലും കള്ളന്മാരെ തിരിച്ചറിയാനായില്ല! അതിനാല്‍ അദ്ദേഹത്തിനെതിരെയും കേസ് വന്നിരിക്കുന്നു.
തൊഴില്‍ രഹിതരും ജീവിക്കാന്‍ മാര്‍ഗമില്ലാത്തവരും ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ട് ഏജന്റുമാരോ പ്രമോട്ടര്‍മാരോ ആകുന്നതും അവര്‍ പിരിവെടുത്ത് തട്ടിപ്പ് കമ്പനിക്ക് അടക്കുകയും ചെയ്യുന്നത് കാര്യങ്ങള്‍ മനസിലാകാതെയും ഗതികേടുകൊണ്ടുമാവാം. കബളിപ്പിക്കപ്പെട്ടവരുടെ മുമ്പില്‍ ശത്രു അവരാണ്. വാസ്തവത്തില്‍ പണമടച്ച് കബളിപ്പിക്കപ്പെട്ടവരെ പോലെത്തന്നെ കബളിപ്പിക്കപ്പെട്ട നിസ്സഹായരാവാം അവരില്‍ മിക്കവരും. ഇത്തരം കബളിപ്പിക്കല്‍ സംഘങ്ങളെ കണ്ടെത്തുന്നതിലും തടയുന്നതിലും പൊലീസും രഹസ്യാന്വേഷണ സംവിധാനവും പരാജയപ്പെടുകയാണ്. സാമൂഹ്യ പ്രസ്ഥാനങ്ങളാകട്ടെ ബോധവല്‍ക്കരണത്തിന് ശ്രമിക്കുന്നുമില്ല. ഏജന്റുമാര്‍ ഒരു തൊഴില്‍ എന്ന നിലയില്‍ സമീപിക്കുമ്പോള്‍ മറുത്തൊന്നും പറയാന്‍ തോന്നുകില്ല എന്നതും പ്രശ്നം തന്നെ. വോട്ടുകിട്ടാന്‍ ആരെയും വെറുപ്പിക്കാതിരിക്കണം എന്ന മിനിമം അജണ്ടയാവാം രാഷ്ട്രീയക്കാരില്‍ ചിലരും ഇത്തരം കള്ളസംഘങ്ങളോട് അടുപ്പിക്കുന്നത്. അതുമല്ലെങ്കില്‍ അവര്‍ കബളിപ്പിച്ചുണ്ടാക്കുന്നതില്‍ ഒരു പങ്കിങ്ങ് പോരട്ടെ എന്ന മനോഭാവത്തിലും. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു സംഘടിത തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞദിവസം വാര്‍ത്ത വന്നിട്ടുണ്ട്. ആത്മീയതയുടെ മറ ഉപയോഗിച്ചുള്ള തട്ടിപ്പ്. കാസര്‍കോട് പൂച്ചക്കാട്ട് പ്രവാസി വ്യവസായിയെ സ്വര്‍ണം ഇരട്ടിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുക്കുകയും കൊലപാതകം നടത്തുകയും ചെയ്ത സംഭവം അടുത്തയിടെയാണല്ലോ തെളിഞ്ഞത്. കണ്ണൂരില്‍ ഹിമാലയന്‍ മിസ്റ്റിക് തേഡ് ഐ ട്രസ്റ്റ് എന്ന് ഒരു ആത്മീയത്തട്ടിപ്പ് സംഘടന 12 കോടിയോളം രൂപ തട്ടിയെടുത്തതായാണ് ഒടുവില്‍ വന്ന കേസ്. ടിബറ്റിലെ ബുദ്ധ സന്യാസിമാരില്‍ നിന്ന് അനുഗ്രഹം ലഭിച്ച സിദ്ധന്മാരായി നടിച്ച് ആളുകളെ ആകര്‍ഷിക്കുകയായിരുന്നു. ഈ ഹിമാലയന്‍ തട്ടിപ്പുകാരുടെ ക്ലാസില്‍ പങ്കെടുത്താല്‍, അവരുടെ ആകര്‍ഷണ വലയത്തിലുള്‍പ്പെട്ടാല്‍ അധികം പഠിക്കാതെ തന്നെ കൂടുതല്‍ മാര്‍ക്ക് വാങ്ങാം, വ്യാപാരം പുഷ്ടിപ്പെടും, ആഗ്രഹങ്ങള്‍ സഫലമാകും എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയതെന്നാണ് പൊലീസില്‍ എത്തിയിരിക്കുന്ന പരാതി. ലോട്ടറി എടുക്കുന്നതില്‍പ്പോലും വിശ്വാസത്തിന്റെയും ജ്യോതിഷത്തിന്റെയും തട്ടിപ്പുകള്‍ പതിയിരിക്കുന്നുണ്ട്്. പ്രത്യേക നമ്പറുകളുടെ സെറ്റുകളായാണിപ്പോള്‍ ലോട്ടറി രോഗത്തിനടിപ്പെട്ടുപോയവര്‍ ടിക്കറ്റെടുക്കുന്നത്. സ്വര്‍ണം വില്‍ക്കാന്‍ അക്ഷയതൃതീയ എന്ന സൂത്രം സൃഷ്ടിച്ച് അന്ധവിശ്വാസം പരത്തുന്ന നാടാണല്ലോ ഇത്. ഈ പ്രബുദ്ധ കേരളത്തില്‍ എന്ത് വഞ്ചനയ്ക്കും എപ്പോഴും സ്‌കോപ്പുണ്ട്... വഞ്ചനയുടെ അക്ഷയപാത്രം...
ബുദ്ധിയും വിവരവും കൂടിവരുന്നുണ്ട്, പക്ഷേ വിശേഷബുദ്ധി കുറഞ്ഞുപോകുന്നുമുണ്ട് എന്നാണോ അടിക്കടിയുള്ള കബളിപ്പിക്കലിന് ഇരകളാകുന്നതില്‍ നിന്ന്, ഇരകളുടെ സംഖ്യയുടെ വലിപ്പത്തില്‍ നിന്ന് മനസിലാക്കേണ്ടത്്!