വായിക്കേണ്ട 'കാഴ്ച'

Update: 2025-01-21 11:23 GMT

'ദേശക്കാഴ്ച വായിച്ചിട്ടുണ്ടോ?'

ഇതെന്തൊരു ചോദ്യം, കാഴ്ച വായിക്കുകയോ?

കാഴ്ച കാണാനുള്ളതല്ലേ?

ഇത് വായിക്കാനുള്ളതാണ്. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്. കണ്ട അനുഭവം ഉണ്ടാകും വായിച്ചാല്‍. കണ്ടിട്ടും മനസിലാകാത്തത് വ്യക്തമാക്കിത്തരും. അതാണ് ടി.എ ഷാഫിയുടെ ദേശക്കാഴ്ചയുടെ വിശേഷം. നമ്മുടെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള 'ഹാഷിം സ്ട്രീറ്റ്' ഒരു സാധാരണ റോഡ് അല്ല. നമ്മില്‍ ദേശാഭിമാനം പ്രോജ്വലിപ്പിക്കേണ്ട റോഡ് ആണ്. പാകിസ്താന്റെ കടന്നാക്രമണം പ്രതിരോധിക്കുന്നതിനിടയില്‍ വീരചരമം പ്രാപിച്ച ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ വീരസ്മരണ ഉണര്‍ത്തുന്ന

സ്ട്രീറ്റ്. ആരാണ് ഹാഷിം? ഷാഫി

പറഞ്ഞുതരുന്നു.

'ഈ മണ്ണില്‍ ഒന്ന് ചവിട്ടുന്നതിന് മുമ്പ്

നാം ഇതിനൊന്ന് നമോവാകമോതുക'

-എന്ന ബോധം ഉദിക്കും.

'പുലി... പുലി...' എന്നല്ലേ ഇക്കാലത്ത് കേള്‍ക്കാനുള്ളൂ. 'അവിടെ കണ്ടു, ഇവിടെ കണ്ടു' എന്നല്ലേ എന്നും വായിക്കാനും! എന്നാല്‍ പുലിയെ കാണുന്നത് ഒരു പുതിയ കാര്യമല്ല. നമ്മുടെ നഗരത്തിലും പുലി വന്നിട്ടുണ്ട്. ഇന്നലെയോ മിനിഞ്ഞാന്നോ അല്ല. ഷാഫി എഴുതുമ്പോള്‍ 50 കൊല്ലം മുമ്പ്. 1957ല്‍ നഗരത്തില്‍ പുലി വന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡണ്ട് ആയിരുന്ന യശ്വന്ത് കാമത്തിന്റെ വീട്ടില്‍. ഈ അപൂര്‍വ്വ സന്ദര്‍ശകനെ ആദ്യം കണ്ടത് കാമത്തിന്റെ സഹധര്‍മ്മിണി കൃഷ്ണ ഭായ്. അവരുടെ വിപതി ധൈര്യം ഒന്നുകൊണ്ടുമാത്രം പുലിയില്‍ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടു; ഒരു ദേശവും. പുലി പുലി എന്ന് നിത്യം പറയുന്നവര്‍, വായിക്കുന്നവര്‍ അറിയട്ടെ പുലി പണ്ടും സന്ദര്‍ശകനായി എത്തിയിരുന്നു നമ്മുടെ നഗരത്തില്‍.

തലക്കടിച്ചു കൊല്ലുന്നത് കൗതുകമായി കണ്ട റിപ്പര്‍ ചന്ദ്രന്‍ നമ്മുടെ നഗരത്തിലും എത്തിയിട്ടുണ്ട്. നമ്മുടെ ഉറക്കം കെടുത്തിയ, ഭീതിയിലാഴ്ത്തിയ ആ കൊലയാളിയെ പിടികൂടിയതും നമ്മുടെ നാട്ടുകാരനായ പൊലീസുകാരന്‍. ചെമ്മനാട് സ്വദേശി സി.എം. ഇഖ്ബാല്‍ ഡി.എസ്.പി.

കടപ്പുറത്ത് വെച്ച് ഒരാള്‍ക്ക് ഒരു ഇരുമ്പുണ്ട കിട്ടി. അതിനകത്ത് സ്വര്‍ണം ആയിരിക്കും എന്ന് ധരിച്ച് തല്ലിപ്പൊളിച്ചു. ബോംബ് പൊട്ടി സര്‍വാംഗവും ചിന്നിച്ചിതറി. ഇക്കാലത്തും നടക്കാറുണ്ടല്ലോ പലയിടത്തും ഇതുപോലുള്ള അത്യാഹിതങ്ങള്‍. അതീവ ശ്രദ്ധവേണം എന്ത് ചെയ്യുമ്പോഴും. സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായ ഗായകന്‍ വി.എം കുട്ടിയെ ലോകപ്രശസ്തനാക്കിയത് കാസര്‍കോട്ടുകാര്‍. അറിയണം നാമെങ്കിലും. ഷാഫി അറിയിക്കുന്നു.

നടന്‍ മമ്മൂട്ടി ലളിത കലാസദനത്തില്‍. 'മമ്മൂക്ക മൂട് കാണുന്നില്ല' -കാണികള്‍ വിളിച്ചുപറഞ്ഞു. തന്റെ പൈജാമ കീറിപ്പോയോ?- മമ്മൂട്ടി തിരിഞ്ഞുനോക്കി. അപ്പോഴും കേട്ടു 'നല്ല ചേല്' 'മൂഡും ചേലും' കാസര്‍കോട്ടുകാരുടെ തനിമൊഴി.

ഗാനഗന്ധര്‍വന്‍ യേശുദാസ് ലളിതകലാസദനത്തില്‍. ടിക്കറ്റ് എടുക്കാത്ത വിരുതന്മാര്‍ അടുത്ത പറമ്പിലെ മരത്തില്‍ വലിഞ്ഞു കയറി. അവര്‍ കൂക്കി വിളിച്ചു. യേശുദാസ് പുതിയൊരു പാട്ടുപാടി:

'മരം ചുറ്റി നടന്നൊരു കുരങ്ങന്‍

മനുഷ്യന്റെ കുപ്പായമണിഞ്ഞു'

(കുരങ്ങന്മാര്‍ അടങ്ങിയിട്ടുണ്ടാകും).

'കുഞ്ഞിമാവിന്റടി' വിദ്യാനഗറായത്, പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയത്, തദ്ദേശം ഭരിച്ച പ്രശസ്ത വ്യക്തികളുടെ പേര് വിവരം... എല്ലാം ഇതിലുണ്ട്. ഇന്നത്തെ തായലങ്ങാടി പണ്ട് വലിയങ്ങാടി. അന്ന് അവിടെ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. പേര് 'കവിത'. (മഹാകവി പിറന്ന നാടല്ലേ).

വിജ്ഞാനമായ ഗ്രന്ഥം, വായനാസുഖം നല്‍കുന്ന രചന. 'ദേശക്കാഴ്ച' പാരായണം ചെയ്ത ശേഷം കാണുക.

Similar News