മഞ്ഞും മഴയുമൊക്കെ കുളിരുചൊരിയുന്ന കാലത്ത് ചായയുടെ ചൂടേല്‍ക്കാന്‍ കൊതിക്കുകയാവും നമ്മുടെ ഉള്ളം. കാലാവസ്ഥ ഏതായാലും തന്നെ കടുപ്പം കുറയാത്ത ചായ നമ്മെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അല്ലെങ്കിലും ചായ നല്‍കുന്ന ഉന്മേഷം മറ്റേത് എനര്‍ജി ട്രിങ്ക്‌സിനും നല്‍കാനാവില്ലല്ലോ.
ഉറക്കമുണരുന്ന പ്രഭാതങ്ങളിലും വിശ്രമം തേടുന്ന സായാഹ്നങ്ങളിലും നിര്‍ബന്ധമായ ശീലം -ചൂടുള്ള ചായ. ക്ഷീണം തോന്നിച്ച് ഉറക്കം നമ്മെ മാടിവിളിക്കുന്നേരം നീട്ടിയടിച്ചൊരു ചായ കുടിച്ചാല്‍ മതി നാം ഉന്മേഷവാന്മാരാകും. അലസത തോന്നി മടിപിടിച്ചിരിക്കുമ്പോഴും വേദനകൊണ്ട് തലപുകയുമ്പോഴും ചൂടുള്ള ചായക്കായി കാത്തിരിക്കുകയാവും നാം. മഞ്ഞും മഴയുമൊക്കെ കുളിരുചൊരിയുന്ന കാലത്ത് ചായയുടെ ചൂടേല്‍ക്കാന്‍ കൊതിക്കുകയാവും നമ്മുടെ ഉള്ളം. കാലാവസ്ഥ ഏതായാലും തന്നെ കടുപ്പം കുറയാത്ത ചായ നമ്മെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അല്ലെങ്കിലും ചായ നല്‍കുന്ന ഉന്മേഷം മറ്റേത് എനര്‍ജി ട്രിങ്ക്‌സിനും നല്‍കാനാവില്ലല്ലോ.
ന്യൂഡില്‍സും ഫാസ്റ്റ് ഫുഡുമൊക്കെ ശീലിച്ച ന്യൂജനറേഷന്റെയും പ്രഷറും ഷുഗറുമൊക്കെ തളര്‍ത്തിയ പഴയ തലമുറയുടെയും തീന്‍മേശയില്‍ സാമ്യമുള്ള വസ്തു ചായ മാത്രമായിരിക്കും. അവിടെ പാലിന്റെയും പഞ്ചസാരയുടെയും ചായപ്പൊടിയുടെയുമൊക്കെ അളവ് കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. ചൂട് കുറച്ച് പ്ലാസ്റ്റിക്ക് കപ്പിലാക്കിത്തന്ന ചായയില്‍ ബിസ്‌ക്കറ്റുകള്‍ ഓരോന്നായി മുക്കിയെടുത്ത് തിന്നിരുന്ന കുട്ടിക്കാലം പലരുടെയും ഓര്‍മ്മയിലുണ്ടാവും. അന്നേരം നനഞ്ഞ ബിസ്‌ക്കറ്റിന്റെ ഒരു ഭാഗം ചായയില്‍ വീഴുന്നതിനെ വന്‍ തകര്‍ച്ചയായാണ് കണ്ടിരുന്നത്.
സൗഹൃദം കൂട്ടുകൂടിയ യൗവ്വനത്തില്‍ പലപ്പോഴും സല്ലാപങ്ങള്‍ക്ക് വേദിയൊരുക്കുന്നതും ഒന്നിച്ചുള്ള ചായകുടിയാണ്. പക്ഷെ, പ്രണയ വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്നിടത്ത് മാത്രം ചൂടുള്ള ചായക്ക് സ്ഥാനമില്ല. അവിടെ ജ്യൂസും ഐസ്‌ക്രീമും കോഫിയുമൊക്കെയാവും കൂട്ടിരിക്കുക. പരിചിതനെ വഴിയോരത്തെവിടെയെങ്കിലും കണ്ടാല്‍ ചായകുടിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് നാം കൂട്ടിക്കൊണ്ടുപോവും. വീട്ടിലെത്തുന്ന വിരുന്നുകാരോട് സ്‌നേഹ വര്‍ത്തമാനങ്ങള്‍ തുടങ്ങുന്നതും ചായകുടിക്കാനായി നിര്‍ബന്ധിച്ചുകൊണ്ടാവും. അങ്ങനെ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ കൂട്ടത്തില്‍ ചായ പോലെ മറ്റൊരു പാനീയവും ഉള്‍പ്പെട്ടിട്ടുണ്ടാവില്ല.
നമ്മുടെ നിര്‍ബന്ധമായ ശീലമായതുകൊണ്ടാവാം ഓരോ ഗ്രാമത്തിന്റെ ചിത്രത്തിലും ഒരു ചായക്കടയെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ടാവും. അവിടെ നീട്ടിയടിച്ച് കൈയിലെ ഗ്ലാസിലേക്ക് കൃത്യം അളവില്‍ ചായ ഒഴിച്ചുതരുന്ന കൗതുകക്കാരനായ തൊഴിലാളിയുമുണ്ടാകും. ചൂടുള്ള നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചായ ആസ്വദിച്ചുകുടിക്കുന്ന ആളുകളുടെ ചര്‍ച്ചയാവും അകത്ത്.
ഒന്നിലും തലയിടാതെ ചായ കുടിക്കല്‍ മാത്രം ലക്ഷ്യമിട്ടെത്തിയ ആളുകളുമുണ്ടാവും അക്കൂട്ടത്തില്‍.
പലതിലും മാറ്റം ഉള്‍ക്കൊണ്ട നമുക്കിടയിലെ മാറാത്ത ശീലങ്ങളിലൊന്നാണ് രാവിലെയും വൈകിട്ടുമുള്ള ചായകുടി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാവും ഇതിന്. നമ്മുടേത് മാത്രമായ ശീലവുമല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകള്‍ പാരമ്പര്യമായി കൊണ്ടുനടക്കുന്ന രീതിയാണിത്. അവിടെ രുചിയും രൂപവുമൊക്കെ വ്യത്യാസമുണ്ടാക്കുമെന്നുമാത്രം. ഗ്രീന്‍ ടീയാണ് ചില രാഷ്ട്രങ്ങളുടെ ഉപയോഗമെങ്കില്‍ ചിലയിടങ്ങളില്‍ കോള്‍ഡ് ടീ ശീലിച്ചവരാകും കൂടുതല്‍. ബ്ലാക്ക് ടീയാണ് ഏറ്റവും പ്രാബല്യത്തിലുള്ളത്. പാലുചേര്‍ത്ത ചായ നമ്മുടേത് മാത്രമായ ശീലവും.
ബി.സി. 2737ല്‍ ചൈന ഭരിച്ചിരുന്ന ഷൈന്‍ നൊങ്ങ് ചക്രവര്‍ത്തിയാണ് ചായയെ ലോകത്തിന് പരിചയപ്പെടുത്തിയതെന്ന് ചരിത്രം. ദേശ സഞ്ചാരത്തിനിടെ ഒരു ഇല പറന്നുവീണ വെള്ളം കുടിക്കാനിടയായ അദ്ദേഹം അതിന്റ രുചിയില്‍ ആകൃഷ്ടനായത്രെ. ആ വെള്ളം കൂടെയുണ്ടായിരുന്നവര്‍ക്ക് കൂടി നല്‍കുകയും അങ്ങനെ തേയില ജനപ്രിയമായതെന്നുമാണ് ചരിത്രം. കഥ അങ്ങനെയൊക്കെയാണെങ്കിലും ജപ്പാന്‍കാരനായ എയ്‌സുവാണ് തേയിലയുടെ പിതാവ് എന്നറിയപ്പെടുന്നത്. ചായക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരം നേടിക്കൊടുക്കാന്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമത്രെ.
തേയിലയെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. എ.ഡി. 800ല്‍ ചൈനക്കാരനായ ലുയു എഴുതിയ പുസ്തകം അതില്‍ ആദ്യത്തേതെന്ന് പരിഗണിക്കുന്നു.
ഇന്ത്യക്കും തേയിലക്കുമിടയില്‍ ധീര ദേശാഭിമാനിയായ രാജ്യസ്‌നേഹി രക്തസാക്ഷിത്വം വരിച്ച കഥകൂടി പറയാനുണ്ട്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മണിറാമായിരുന്നു തേയില കൃഷി ഇന്ത്യയില്‍ വാണിജ്യവല്‍ക്കരിച്ചതും പിന്നീട് രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചതും.
1839ല്‍ അസം ടീ കമ്പനിയുടെ ദിവാനായി ബ്രിട്ടീഷുകാര്‍ മണിറാമിനെ നിയമിച്ചു. കുറച്ചുകാലത്തിന് ശേഷം അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മണിറാം രാജിവെക്കുകയും സ്വന്തമായി തേയിലകൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ജോര്‍ ഹാത്തിലെ ചെനിമോറയില്‍ ടീ ഗാര്‍ഡന്‍ തുടങ്ങി അവിടെ അതിവിദഗ്ധമായി തേയിലകൃഷി വാണിജ്യവല്‍ക്കരിച്ചു. ഇത് ബ്രിട്ടീഷുകാരെ ഏറെ പ്രകോപിപ്പിച്ചു. അങ്ങനെ 1851ല്‍ തോട്ടം അടച്ചുപൂട്ടേണ്ടി വന്നു. എന്നാല്‍ നിരന്തരമായുള്ള നിയമയുദ്ധത്തിലൂടെ അനുകൂല വിധി നേടിയെടുത്ത് മണിറാം കൃഷി പുനരാരംഭിച്ചു. അങ്ങനെ അസമിലെ മലനിരകളിലേക്ക് കൂടി തേയിലകൃഷിയുടെ പച്ചപ്പ് വ്യാപിച്ചുവത്രെ.