എം.ടിയെ ഓര്‍ക്കുമ്പോള്‍...

By :  Sub Editor
Update: 2024-12-30 10:27 GMT

എഴുത്തുകാരന്‍ എന്ന നിലയിലും സിനിമാ തിരകഥാകൃത്തും സംവിധായകനും എന്ന നിലയിലും വായനക്കാര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഏറെ പ്രിയങ്കരനായ എം.ടിയെക്കുറിച്ചുള്ള കുറേ നല്ല ഓര്‍മ്മകള്‍ വ്യക്തിപരമായി എനിക്കുമുണ്ട്. ഞാനേറെ സ്‌നേഹിക്കുകയും എന്നെ തിരികെ സ്‌നേഹിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാതെ വയ്യ.

എം.ടി. വിടപറഞ്ഞ വിവരം എന്നോട് വിളിച്ചുപറഞ്ഞ ആത്മ മിത്രങ്ങളില്‍ ഒരാളായ മാധ്യമ -സാഹിത്യ പ്രവര്‍ത്തകന്‍ കെ.പി. കെ. വെങ്ങര കുറേ കാര്യങ്ങള്‍ ഓര്‍മ്മയിലേക്ക് ഇട്ടുതന്നു. ഏകദേശം 27 വര്‍ഷങ്ങള്‍ക്കും അപ്പുറം കെ.പി.കെ വെങ്ങര ഉമ്മുല്‍ ഖുവൈന്‍ റേഡിയോയിലെ എഡിറ്റോറിയല്‍ തലവനായിരുന്ന കാലം. എം.ടി.യും പത്‌നിയും യു.എ.ഇയില്‍ വന്നു. തുഞ്ചന്‍ പറമ്പിന്റെ വികസനവും തുഞ്ചത്തെഴുത്തന്റെ സ്മാരക നിര്‍മ്മാണവും സജീവമായി നടന്നിരുന്ന ഘട്ടത്തിലാണ് എം.ടി.യുടെ വരവ്. അതിനായി പ്രവാസികളുടെ സഹകരണം തേടാനും ഗള്‍ഫ് വോയ്‌സ് മാസികക്ക് വേണ്ടിയുമാണ് അദ്ദേഹം വന്നത്.

1994-95മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഞങ്ങള്‍ നടത്തിയിരുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു 'ഗള്‍ഫ് വോയ്‌സ്' മാസിക. എം.ടി അതിന്റെ സജീവ അഡൈ്വസറായിരുന്നു. ഞാന്‍ ചീഫ് എഡിറ്ററും ഡയറക്ടറും. പാര്‍ലമെന്റ് അംഗം പി.വി. അബ്ദുല്‍ വഹാബ് (അന്ന് എം.പിയായിട്ടില്ല), വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എന്‍.എ അബൂബക്കര്‍ (കാസര്‍കോട്), ആസ്റ്റര്‍ മിംസ് മെഡിക്കല്‍ ശൃംഖലയുടെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരായിരുന്നു ഗള്‍ഫ് വോയ്‌സിന്റെ മറ്റു ഡയരക്ടര്‍മാര്‍. ദുബായില്‍ പബ്ലിക് ഗ്രാഫിക് എന്ന അന്നത്തെ വന്‍കിട പരസ്യ കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടറായിരുന്ന പരതനായ മോഹന്‍ ദാസ് (തൃശൂര്‍) ഗള്‍ഫ് വോയ്‌സ് മാനേജിംഗ് ഡയരക്ടറായിരുന്നു. ടി.വി. കൊച്ചു ബാവയായിരുന്നു എഡിറ്റര്‍. കറസ്‌പോണ്ടന്റും പരസ്യ ഇന്‍ചാര്‍ജുമായി കെ.എം. അബ്ബാസും കൂടെ പ്രമീള എന്നൊരു വനിതയുമുണ്ടായിരുന്നു. അബ്ബാസ് ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത് ഗള്‍ഫ് വോയ്‌സിലൂടെയാണ്.

ദുബായില്‍ എന്റ ഓഫീസിന് പുറമെ അജ്മാനിലും ഗള്‍ഫ് വോയ്‌സിന് ഓഫീസുണ്ടായിരുന്നു. കോഴിക്കോട് മാതൃഭൂമിക്ക് തൊട്ടടുത്ത് അന്നത്തെ ത്രിവേണി ബില്‍ഡിങ്ങില്‍ വിശാലമായ ഒരു ഓഫീസുമുണ്ടായിരുന്നു. എം.ടി ചിലപ്പോഴൊക്കെ അവിടം സന്ദര്‍ശിക്കുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. അവിടെ കൊച്ചു ബാവയും ദീപു എന്ന സഹായിയും കുറച്ചു സ്റ്റാഫും കാര്യങ്ങള്‍ നിയന്ത്രിച്ചു പോന്നു. ദുബായില്‍ മലയാള പ്രിന്റിംഗ് സംവിധാനമില്ലാതിരുന്ന ആ കാലത്ത് കോഴിക്കോട് നിന്നാണ് പ്രിന്റിംഗും ടൈപ്പ് സെറ്റിംഗും എല്ലാം ചെയ്തിരുന്നത്. എം.ടി ഗള്‍ഫ് വോയ്‌സിന്റെ ചില ലക്കങ്ങളില്‍ എഴുതുമായിരുന്നു. പിന്നീട് എഡിറ്റര്‍ കൊച്ചുബാവ അകാല ചരമമടഞ്ഞതിനു പുറമെ മറ്റു ചില സാഹചര്യങ്ങളും ധന നഷ്ടവും കൂടി ആയപ്പോള്‍ ഗള്‍ഫ് വോയ്‌സ് നിലച്ചുപോയി.

ദുബായ് സന്ദര്‍ശന വേളയില്‍ എന്റെ വീട്ടില്‍ കെ.പി.കെ വെങ്ങര ഉമ്മുല്‍ ഖുവൈന്‍ റേഡിയോക്ക് വേണ്ടി എം.ടിയുമായി നടത്തിയ ഒരു ഇന്റര്‍വ്യൂയെക്കുറിച്ച് കെ.പി.കെ വെങ്ങര ഗൃഹാതുരയോടെ ഓര്‍മിപ്പിച്ചു. എം.ടിയോടൊന്നിച്ച് അദ്ദേഹത്തിന്റെ പത്‌നിയും ഉണ്ടായിരുന്നു.

ആ യാത്രയില്‍ ദുബായിലെ ജബല്‍ അലിക്ക് അടുത്ത് വഹാബിന്റ ഒരു ഗസ്റ്റ് ഹൗസിന്റെ വിശാല അങ്കണത്തില്‍ ഗള്‍ഫ് വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന വലിയൊരു യോഗത്തില്‍ തുഞ്ചന്‍ പറമ്പിന്റെ പ്രാധാന്യത്തെ കുറിച്ചും ഗള്‍ഫ് വോയ്‌സിനെ പോലെ ആ കാലഘട്ടത്തില്‍ പ്രവാസികള്‍ക്കായി ഒരു പ്രസിദ്ധീകരണത്തിന്റെ അനിവാര്യതയെ കുറിച്ചും എം.ടി. സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. സാധാരണ ഗതിയില്‍ ഇന്റര്‍വ്യൂവിലൊന്നും അത്ര തല്‍പരനല്ലാതിരുന്ന എം.ടി അര മണിക്കൂറാണ് അന്ന് കെ.പി.കെക്ക് അനുവദിച്ചിരുന്നതെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ അഭിമുഖം ഒന്നര മണിക്കൂര്‍ നീണ്ടു. 4 എപിസോഡുകളായിട്ടാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.

രണ്ടര ദശാബ്ദങ്ങള്‍ മുമ്പ് ബഹ്‌റൈന്‍ മലയാളി സമാജത്തിന്റെ വലിയൊരു വാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയായി എം.ടിയെ ക്ഷണിച്ചു. ബഹ്‌റൈന്‍ മലയാളി സമാജം അംഗവും ഒരു പത്രവിതരണ സ്ഥാപന ഉടമയുമായിരുന്ന എന്റ സുഹൃത്ത് പരേതനായ സുരേഷും സമാജം ഭാരവാഹികളും എം.ടിയെ ബന്ധപ്പെടാനും ബഹറൈനില്‍ എത്തിക്കാനും ഏല്‍പ്പിച്ചത് എന്നെയാണ്. 3 ദിവസം ഞങ്ങള്‍ ബഹ്‌റൈനില്‍ കടല്‍ക്കരയിലുള്ള ഹോട്ടലില്‍ താമസിച്ചു. സുരേഷിനൊപ്പം ഞങ്ങള്‍ കടല്‍ കരയിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ് ടവറിനു മുകളിലെ കാഴ്ച ഗാലറിയിലേക്ക് പോയതും രാത്രി വരെ അവിടെ ചെലവഴിച്ചതും ഇന്നും ഓര്‍മ്മയിലുണ്ട്.

5 വര്‍ഷം മുമ്പാണ് ഞാന്‍ കൊട്ടാരം റോഡിലുള്ള വീട്ടില്‍ എം.ടി.യെ പോയിക്കണ്ടത്. പിന്നീടൊരിക്കല്‍ അവിടെയടുത്ത് താമസിക്കുന്ന മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പുത്രി ഫരീദയുടെ ഭര്‍ത്താവ് പി.എ. ഹംസയുടെ വീട്ടില്‍ പോയി വരുമ്പോഴും ചെന്നു കണ്ടു. പഴയ കാര്യങ്ങള്‍ അദ്ദേഹം ആവുന്നത്ര ഓര്‍ത്തെടുത്ത് സംസാരിച്ചു.

കാലത്തിനതീതനായ 'കാല'ത്തിന്റ കര്‍ത്താവിന് കാലം വിട ചൊല്ലി. അപ്പോഴും എനിക്ക് ബോധ്യമായത് എം.ടി നേര്‍ക്കുനേരെ ഒരു സഹാനുഭൂതിയുള്ള മനുഷ്യനായാണ്.

കഥാവശേഷനായ ആ അതുല്യ കഥാകാരന്റ ഓര്‍മക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അഡ്വ. ബേവിഞ്ച അബ്ദുല്ല

Similar News