IFTAR I ഹൃദ്യം കെ.എം.സി.സിയുടെ ഇഫ്താര്‍ ടെന്റ്...

Update: 2025-03-24 15:17 GMT

സലാം കന്യപ്പാടി

മനുഷ്യ മനസ്സുകളില്‍ കാരുണ്യത്തിന്റെ കുളിര്‍ തെന്നലായി മലയാളിയുള്ള ഇടങ്ങളിലൊക്കെയും പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന കൂട്ടായ്മയാണ് കെ.എം.സി.സി എന്ന ജീവ കാരുണ്യ പ്രസ്ഥാനം. രാഷ്ട്രീയമോ മതമോ വര്‍ഗ വര്‍ണ്ണമോ നോക്കാതെ മാനവികതയുടെ മുഖം കൊണ്ട് നിരാലംബരും നിരാശ്രയരുമായവര്‍ക്ക് സ്നേഹം വിളമ്പുന്ന ഈ പ്രവാസി കൂട്ടായ്മ ലോകത്ത് തന്നെ തുല്യതയില്ലാത്ത പ്രവത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കെ.എം.സി.സിയുടെ കമ്മിറ്റികളില്‍ ഏറ്റവും ശ്രദ്ധേയമായ നാമമാണ് ദുബായ് കമ്മിറ്റി. ഡോ. അന്‍വര്‍ അമീന്‍ പ്രസിഡണ്ടും യഹ്യ തളങ്കര ജനറല്‍ സെക്രട്ടറിയും പി.കെ ഇസ്മായില്‍ ട്രഷററുമായി കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന പുതിയ കമ്മിറ്റി വിവിധ മേഖലകളെ സ്പര്‍ശിക്കാന്‍ ഒട്ടനവധി സഹ സമിതകളുണ്ടാക്കി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അസൂയാവഹവും അത്ഭുതപ്പെടുത്തുന്നതുമാണ്.


യു.എ.ഇയുടെ ദേശീയദിനം ഉത്സവാഘോഷങ്ങളോട് കൊണ്ടാടിയാണ് പുതിയ കമ്മിറ്റിയുടെ പ്രയാണത്തിന് തുടക്കമിട്ടത്. ദുബായ് ഗവണ്മെന്റിന്റെ പ്രശംസാ പത്രങ്ങള്‍ കൈപ്പറ്റിയ കമ്മിറ്റിയുടെ ചലനങ്ങളും ഗവണ്മെന്റിന്റെ മേല്‍ നോട്ടത്തില്‍ തന്നെയാണ്. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനില്‍ ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍ ദുബായ് കെ.എം.സി.സി ഒരുക്കിയ ഇഫ്താര്‍ ടെന്റില്‍ ആയിരങ്ങളാണ് നോമ്പ് തുറക്കാന്‍ എത്തുന്നത്.

ഭാഷ, ദേശ വ്യത്യാസമില്ലാതെ എത്തിയവര്‍ക്കെല്ലാം ടെന്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുബായ് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഹാപ്പിനസ് ടീമായ കെ.എം.സി.സി പ്രവര്‍ത്തകരാണ് ടെന്റില്‍ എത്തുന്നവര്‍ക്ക് മനസ്സും ശരീരവും നിറയുന്ന തരത്തില്‍ ഇഫ് താര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്.


പകലന്തിയോളം പണിയെടുത്ത് വ്രതമനുഷ്ഠിച്ച് ക്ഷീണിച്ചിരിക്കുന്ന തങ്ങളുടെ മനസ്സിന് കുളിര്‍ കണ്ടെത്താന്‍ ഹാപ്പിനസ് വളണ്ടിയര്‍ ടീം തിരഞ്ഞെടുത്ത വഴിയെന്ന് തോന്നിപ്പോകും അവര്‍ ഇഫ്താര്‍ ടെന്റില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍.

വിവിധ സംസ്‌കാരമുള്ള ദേശക്കാര്‍, ഭാഷക്കാര്‍ ഒന്നിച്ചു ടെന്റിലെത്തുമ്പോള്‍ അവരെ പുഞ്ചിരിയോടെ സ്വീകരിച്ചു വിരുന്നൂട്ടുന്ന ഇരുന്നൂറോളം കര്‍മ്മപോരാളികളായ റെഡ്, ബ്ലു, സ്‌കൈ ബ്ലു, ഗ്രീന്‍, മെറൂണ്‍, എല്ലോ, പര്‍പുള്‍ ഗ്രീന്‍ തുടങ്ങി ഏഴു നിറത്തിലുള്ള ജേഴ്സിയണഞ്ഞ് വിവിധ ടീമുകളില്‍ വര്‍ണ്ണാഭമായി ഇഫ്താര്‍ ടെന്റില്‍ നിറഞ്ഞു കാണുമ്പോള്‍ അന്യ രാജ്യക്കാരെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. മലയാളികളുടെ സ്നേഹത്തിന്റെ മാധുര്യം അവര്‍ ശരിക്കും അനുഭവിക്കുന്ന കാഴ്ചയും കൂടിയാണ് ഈ ഇഫ്താര്‍ ടെന്റ്.

ലോകം വിറങ്ങലിച്ചു നിന്ന കൊറോണ കാലത്തെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിടുകയും അനേകം ജനങ്ങളിലേക്ക് കൈ മെയ് മറന്ന് കെ.എം.സി.സിയുടെ സഹായം എത്തിക്കുകയും ചെയ്ത് സര്‍ക്കാരിന്റെ പട്ടികയില്‍ ഇടം നേടിയ വളണ്ടിയര്‍ ടീമിലെ പലര്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിച്ച് സര്‍ക്കാര്‍ ആദരിച്ചതും കെ.എം.സി.സിക്ക് ലഭിക്കുന്ന അനുമോദനം കൂടിയാണ്. കലാ കായിക രംഗത്തും കെ.എം.സി.സി നടത്തുന്ന പരിപാടികളിലും ഈ വളണ്ടിയര്‍ ടീം സര്‍വ സജ്ജരായി നിയന്ത്രണം ഏറ്റെടുക്കാറുണ്ട്.

ഉറ്റവരും ഉടയവരും നാട്ടില്‍ കാത്തിരിക്കുമ്പോള്‍ ഇവിടെ മരണപ്പെടുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള നിയമ സഹായം ചെയ്യുന്നതിന് വേണ്ടി പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പരലോകത്തെ ലാഭം മാത്രം പ്രതീക്ഷിച്ച് ആത്മാര്‍ത്ഥ പ്രവര്‍ത്തനം കൊണ്ട് ദൈവ പ്രീതി കാംഷിക്കുക എന്ന ഉദ്ദേശം തന്നെയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി നേതാക്കളെയും പ്രവര്‍ത്തകരെയും പ്രചോദിതമാക്കുന്നത്. ആഗ്രഹം പോലെ സകല പ്രവര്‍ത്തനങ്ങളും സ്വീകാര്യമാവട്ടെ എന്ന് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കാം.

Similar News