വര്‍ഷം കഴിയുന്തോറും IFFKയിലെ തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. നല്ല സിനിമകള്‍ കാണാനാവുന്നില്ലെന്ന പരാതികളും ഏറിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാവാം അഭൂതപൂര്‍വ്വമായ തിരക്ക് മേളകളില്‍ അനുഭവപ്പെടുന്നത് ?
നല്ല സിനിമകളോടുള്ള താല്‍പര്യം കൊണ്ടു വരുന്നവരാണോ എല്ലാവരും?
സത്യത്തില്‍ മേള കൗമാര യൗവ്വനങ്ങളുടെ കാര്‍ണിവലാണ്. സൗഹൃദങ്ങളുടെ ഉത്സവം. ഒരാഴ്ച സദാചാരവിലക്കുകളില്ലാത്ത ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി അത് മാറുന്നു. അത്തരമൊരാമ്പിയന്‍സാണ് പലരെയും അങ്ങോട്ടാകര്‍ഷിക്കുന്നത് എന്നുതോന്നുന്നു.
ഇഷ്ടസിനിമകള്‍ കാണാന്‍ പറ്റുന്നില്ലെന്ന പരാതി ഒഴിച്ചാല്‍ വലിയ കുറവുകളില്ലാത്ത ഒരു മേളയാണ് കടന്നുപോയത്. നാടന്‍ പ്രഭുവായി പകര്‍ന്നാടി ഒടുവില്‍ കളമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലികമായി ആ സ്ഥാനത്തെത്തിയ പ്രേംകുമാറിനാണ് അതിന്റെ ക്രെഡിറ്റ് കിട്ടിയത്. ഹാസ്യനടനായിട്ടുകൂടി അദ്ദേഹം മേളയെ വിജയത്തിലെത്തിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുന്നു. സംഘാടന മികവിനടിസ്ഥാനം നായകനടനോ സംവിധായകനോ ആവുന്നതല്ലെന്ന മിനിമം ബോധമില്ലാത്തവര്‍. ഫെസ്റ്റിവലുകളിലെ സിനിമയുടെ തിരഞ്ഞെടുപ്പ് വെറും ഭാഗ്യ പരീക്ഷണം മാത്രമാണ്. 8 മണിക്ക് തുടങ്ങുന്ന ബുക്കിങ്ങില്‍ മികച്ച സിനിമകള്‍ 2 മിനുട്ടിനുള്ളില്‍ തീര്‍ന്നു പോകും. ബാക്കി നമ്മുടെ ഭാഗ്യം പോലെ ഇരിക്കും. ഈ ഭാഗ്യം ഗോവയിലാണ് പിന്നെ തുണച്ചത്. ഇവിടെ പലപ്പോഴും നിരാശയായിരുന്നു ഫലം.
സുവര്‍ണചകോരം നേടിയ മാലു എന്ന ബ്രസീലിയന്‍ സിനിമ ശരാശരിക്കപ്പുറം തോന്നിയതുമില്ല.
കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ വനിതകള്‍ സംവിധാനം ചെയ്ത സിനിമകളില്‍ ശിവരഞ്ജിനിയുടെ വിക്ടോറിയ മികച്ചതായിരുന്നു.
ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന വിക്ടോറിയ എന്ന പെണ്‍കുട്ടിയുടെ പാര്‍ലറിലെ ഒരു പകലാണ് സിനിമ. അവിടെ വന്നുപോകുന്ന പല തുറകളില്‍ പെട്ട സ്ത്രീകള്‍. നായികയുടെ പ്രണയസംഘര്‍ഷങ്ങള്‍ മെലോഡ്രാമയിലേക്ക് വീണുപോകാതെ കൈയടക്കത്തോടെ അതിസ്വാഭാവികതയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
വി.സി അഭിലാഷിന്റെ പാന്‍ ഇന്ത്യന്‍ ഫാമിലി കുടുംബത്തിനകത്തെ കാപട്യത്തെ പുറത്തിടുന്ന സിനിമയാണ്. കുടുംബത്തിനകത്തെ വയലന്‍സ്, ജനാധിപത്യ വിരുദ്ധത, കുടുംബങ്ങള്‍ തമ്മില്‍ ജാതീയത എല്ലാം പ്രശ്‌നവല്‍ക്കരിക്കുന്നു.
അതേസമയം ഗേള്‍ഫ്രണ്ട്‌സ് എന്ന സിനിമ അത്രമേല്‍ കൃത്രിമമായി അനുഭവപ്പെട്ടു എന്ന കാര്യവും പറയാതിരിക്കാന്‍ വയ്യ.
ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ അതിലെ സ്വാഭാവികമായ നര്‍മ്മം കൊണ്ട് എല്ലാവരെയും ഒരുപോലെ ആകര്‍ഷിച്ചു. ഈ മേളയിലെ ഏറ്റവും ജനപ്രിയമായ സിനിമയായിരുന്നു അത്.
മെമ്മറീസ് ഓഫ് എ ബേണിങ്ങ് ബോഡി മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. എമിലസ് പെരസും അതുപോലെ തന്നെ. Holy Cow, see-d of the Sacred fig, my favourite cake, Anona പോലുള്ള സിനിമകളും നിമിഷങ്ങള്‍ കൊണ്ട് ബുക്കിങ്ങ് തീര്‍ന്നവയാണ്. ചില സിനിമകള്‍ ആളുകള്‍ നിലത്തിരുന്നാണ് കണ്ടത്.
ഗോവയിലേത് ഒരു ബ്യൂറോക്രാറ്റിക് മേളയെങ്കില്‍ ജനകീയതയാണ് കേരളത്തിന്റെ മേളയെ വ്യതിരിക്തമാക്കുന്നത്. ബുക്കിങ്ങ് തീര്‍ന്നാലും പരമാവധി നിലത്തിരുന്നും നിന്നും സിനിമ കാണുന്ന ഒരാള്‍ക്കൂട്ടം ലോകത്ത് മറ്റെവിടെയും ഉണ്ടാവുമെന്നു തോന്നുന്നില്ല. പലപ്പോഴും ആലോചിക്കുന്ന കാര്യമാണ്. തിരുവനന്തപുരത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ ഒഴുകിയെത്തും.
ഇത്രയധികം നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ ഈ നാട്ടിലുണ്ടോ എന്നത്ഭുതം തോന്നും. ഇതില്‍ 5 ശതമാനം ആളുകളെങ്കിലും തങ്ങളുടെ നാട്ടില്‍ ഇത്തരം നല്ല സിനിമകള്‍ സമൂഹത്തിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിരുന്നെങ്കില്‍ നമ്മുടെ ദൃശ്യസംസ്‌കാരം എത്ര മികച്ചതായി മാറിയേനെ എന്ന്.