കാസര്‍കോട് ജില്ലയില്‍ അറിയാന്‍- ഗതാഗതം നിരോധിക്കും

Update: 2025-02-25 11:08 GMT

വാഹന ഗതാഗതം നിരോധിക്കും

മിയാപദവ് ദൈഗോളി പൊയ്യത്ത്ബയല്‍ നന്ദാരപദവ് റോഡില്‍ എഫ്.ഡി.ആര്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിക്കും വാഹന ഗതാഗതം നിരോധിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; ഫെബ്രുവരി 27ന് റവന്യൂ റിക്കവറി അദാലത്ത്

നാല് വര്‍ഷമോ, അതില്‍ കൂടുതലോ വാഹന നികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. വാഹന നികുതികുടിശ്ശികയുള്ള വാഹനങ്ങള്‍ക്കും, പൊളിച്ച് പോയ വാഹനങ്ങള്‍ക്കും, റവന്യൂ റിക്കവറി നടപടി ആരംഭിച്ച വാഹനങ്ങക്കും ഈ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. 2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടയ്ക്കുന്നതിന് 200 രൂപയുടെ മുദ്ര പത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിച്ച് 2024 മാര്‍ച്ച് 31 വരെയുള്ള നികുതി ബാധ്യതകള്‍ ഒഴിവാക്കാം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടയ്ക്കുന്നതിന് ആര്‍. സി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി അടച്ച രസീത് എന്നിവ ഹാജരാക്കേണ്ടതില്ല.

ഫെബ്രുവരി 27ന് രാവിലെ 10.30ന് ഹോസ്ദൂര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫെറന്‍സ് ഹാളില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. ദീര്‍ഘകാലമായി നികുതി അടയ്ക്കാത്ത റവന്യൂ റിക്കവറി നേരിടുന്ന വാഹനയുടമകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുറഞ്ഞ തുക അടച്ച് റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിന് ആദാലത്ത് പ്രയോജനപ്പെടുത്തേണ്ടതാണെന്ന് കാഞ്ഞങ്ങാട് സബ് റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

എം.ആര്‍.സി റെക്കോഡ്സ് പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തും

ഫെബ്രുവരി 28 ന് രാവിലെ 10.30 മുതല്‍, എം.ആര്‍.സി റെക്കോഡ്സ് പ്രതിനിധികള്‍ കാസര്‍കോട് ജില്ലാ സൈനികക്ഷേമ ആഫീസില്‍ ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റിലെ വിമുക്തഭടന്മാരുടെയും വിധവകളുടെയും പരാതി പരിഹാരം, ക്ഷേമ പ്രവര്ത്ത്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി കൂടിക്കാഴ്ച്ച നടത്തും. ഫോണ്‍- 9495576160.

കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി; കര്‍ഷകര്‍ മൃഗാശുപത്രികളെ സമീപിക്കണം

ഗോമൃദ്ധി, എന്‍. എല്‍. എം. 2024-2025 പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഈ മാസം നടപ്പിലാക്കും. പദ്ധതിയില്‍ ഉരുവിന്റെ ഉടമയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെയുള്ള കാലയളവിലേക്കായിരിക്കും പരിരക്ഷ ലഭിക്കുന്നത്. 65000 രൂപ വരെ വില വരുന്ന ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതും, രണ്ട് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ളതും, ഗര്‍ഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള പശു, എരുമ തുടങ്ങിയ മൃഗങ്ങളെ ആയിരിക്കും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഒരു വര്‍ഷത്തേക്ക് 4.48 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 10.98 ശതമാനവും ആണ് പ്രീമിയം. ഇതിന്റെ പകുതി ഗവണ്മെന്റ് സബ്‌സിഡി. കര്‍ഷകന്‍ അടക്കേണ്ട തുകയില്‍ നിന്ന് 100 രൂപ കേരളഫീഡ്സ് വഹിക്കുന്നു. ഒരു ലക്ഷത്തിന് 20 രൂപയാണ് കര്‍ഷകനുള്ള ഇന്‍ഷുറന്‍സിന്റെ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം. പരമാവധി അഞ്ച് ലക്ഷം രൂപ. 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള കര്‍ഷകര്‍ക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. ജില്ലാതലത്തില്‍ മൃഗശുപത്രികളിലേക്ക് അനുവദിച്ചിട്ടുള്ള ടാര്‍ജറ്റ് അനുസരിച്ച് മൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. ആവശ്യമുള്ള കര്‍ഷകര്‍ അതത് മൃഗാശുപത്രികളെ സമീപിക്കണം.


താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഒന്നിന്

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10.30 ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഒന്നിന് ഉച്ചക്ക്ശേഷം മൂന്നിന് വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സമം സാംസ്‌കാരികോത്സവം; കപ്പിള്‍ ഡാന്‍സിന് അപേക്ഷ ക്ഷണിച്ചു

''സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം'' എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് മാര്‍ച്ച് ഒന്ന്,രണ്ട് തീയതികളില്‍ മടികൈ ടി എസ് തിരുമുമ്പ് സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ''സമം'' സാംസ്‌കാരികോത്സവത്തില്‍ ''കപ്പിള്‍ ഡാന്‍സ്''- സിനിമാറ്റിക് അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു .അപേക്ഷകള്‍ ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചിന് മുന്‍പായി ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. നിബന്ധനകള്‍- വിവാഹിതരായ ദമ്പതിമാര്‍ ആയിരിക്കണം, പ്രായപരിധി ഇല്ല. സമയം-10 മിനിറ്റ്. ഒന്നാം സമ്മാനം -10000, രണ്ടാം സമ്മാനം -5000 , മൂന്നാം സമ്മാനം -3000. ഇ മെയില്‍- kdpksd@gmail.com. ഫോണ്‍-9744376346.

Similar News