ആധാര്‍ പുതുക്കലിന്റെ പേരില്‍ പുതിയ തട്ടിപ്പ്; കരുതിയിരിക്കുക

Update: 2025-02-04 05:41 GMT

സൈബര്‍ തട്ടിപ്പുകള്‍ സജീവമായിരിക്കുന്ന ഇപ്പോള്‍ ആധാര്‍ അപ്‌ഡേറ്റ് എന്ന പേരില്‍ പുതിയ തട്ടിപ്പ്. ആധാര്‍ അപ്‌ഡേറ്റിന്റെ പേരില്‍ അജ്ഞാത നമ്പറില്‍ നിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തുന്നത്. വാട്‌സ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കാണ് സന്ദേശമെത്തുന്നത്. സന്ദേശത്തിന്റെ കൂടെയുള്ള ഫയലില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫയലില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുമെന്നാണ് വിവരം. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് ഉടമകളുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ആധാര്‍ പുതുക്കാനായി എ.പി.കെ (ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പാക്കേജ്) ഫയല്‍ അയക്കും. ഈ ഫയല്‍ ആണ് അപകടകാരി. ഫയലില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ് സംഘത്തിന്റെ നിയന്ത്രണത്തിലാവും. തുടര്‍ന്ന് മൊബൈല്‍ ബാങ്ക് ആപ്പിലൂടെ തട്ടിപ്പ് സംഘം തങ്ങളുടെ പല അക്കൗണ്ടുകളിലേക്ക് മാറ്റും. തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സൈബര്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന ഹെല്‍പ്പ് ലൈനില്‍ ബന്ഝപ്പെടാം. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെ പരാതി നല്‍കാം.

Similar News