കോഴിക്കോട്: അസോസിയേഷന്‍ ഫോര്‍ സോഷ്യോ-മ്യൂസിക്കല്‍ ആന്റ് ഹ്യുമാനിറ്റേറിയല്‍ ആക്ടിവിറ്റീസ് (ആശ) നല്‍കുന്ന പ്രഥമ ഈസക്ക പുരസ്‌കാരത്തിന് ഗാനരചയിതാവും സാമൂഹിക, സാംസ്‌കാരിക, കാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായ യഹ്‌യ തളങ്കര അര്‍ഹനായി. കവി ടി. ഉബൈദിന്റെ ശിഷ്യനും ഉബൈദ് പഠനകേന്ദ്രം ചെയര്‍മാനുമാണ്. പിന്നണി ഗായിക സിത്താര, എം.ജി ശ്രീകുമാര്‍, ശ്രേയാ ജയദീപ്, രമേഷ് നാരായണന്‍, കണ്ണൂര്‍ ശരിഫ്, റാസ, രഹന, എം.എ. ഗഫൂര്‍, ആദില്‍ അത്തു, കണ്ണൂര്‍ മമ്മാലി, ഫാരിഷ ഹുസൈന്‍, റിജിയ തുടങ്ങിയ ഗായകര്‍ യഹ്‌യ തളങ്കര രചിച്ച ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആഗസ്റ്റ് 14ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ചാലപ്പുറം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'ഇസൈ-രസികന്‍ ഈസക്ക' സ്മൃതി ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പുരസ്‌കാരം സമര്‍പ്പിക്കും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് 'ഇശല്‍ അന്‍പ്' എന്ന പേരില്‍ ഗാനമേളയും അരങ്ങേറും.