PAPLA | ഉദ്യം ഉത്സവ്; 72 സംരഭകരില്‍ താരമായി നീലേശ്വരത്തെ പാള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന 'പാപ് ല'; അഭിമാനത്തോടെ ശരണ്യയും ദേവകുമാറും
നീലേശ്വരം: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ നടക്കുന്ന ഉദ്യം ഉത്സവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരഭകരാണ് പങ്കെടുത്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 72 സംരഭകരില്‍ താരമായിരിക്കുകയാണ് നീലേശ്വരം ചാളക്കടവിലെ പാള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പാപ് ല എന്ന സംരഭം.
കേരളത്തില്‍ നിന്നും 3 സംരഭങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ ഒന്നാണ് പാപ് ല എന്ന സംരഭം. ചാളക്കടവ് സ്വദേശികളായ ശരണ്യയും ഭര്‍ത്താവ് ദേവകുമാറും ആണ് പാപ് ലയുടെ സംരഭകര്‍. 2018 ല്‍ യു എ ഇയിലെ ജോലി ഉപേക്ഷിച്ചാണ് വ്യവസായ വകുപ്പിന്റെ സഹായത്തോടെ പാപ് ല എന്ന പേരില്‍ ഇവര്‍ പാള പ്ലേറ്റുകളുടെ നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. എന്നാല്‍ ഇന്ന് 20 തരത്തിലുള്ള പാള ഉല്‍പന്നങ്ങളുടെ ഉടമകളാണ് ഈ ദമ്പതികള്‍.
ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും ഇവര്‍ പാള ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ ഇസ്രയേല്‍, യുഎഇ, അമേരിക്ക, ലണ്ടന്‍, ജര്‍മനി, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതി ഉണ്ടെന്നും ദമ്പതികള്‍ പറയുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു പാള ഉല്‍പന്നങ്ങളുടെ സ്റ്റാള്‍ സന്ദര്‍ശിക്കുന്ന പടം രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്.