കാസര്‍കോട് പ്രസ്‌ക്ലബിന്റെ കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം എ.കെ ശ്രീജിത്തിന്
കാസര്‍കോട്: മാതൃഭൂമി ബ്യൂറോ ചീഫും ഉത്തരദേശം സ്ഥാപകനും ദീര്‍ഘകാലം പ്രസ്‌ക്ലബ് പ്രസിഡണ്ടുമായിരുന്ന കെ.എം. അഹ്മദിന്റെ സ്മരണക്ക് കാസര്‍കോട് പ്രസ്‌ക്ലബ്, കെ.എം. അഹ്മദ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നല്‍കുന്ന കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എ.കെ. ശ്രീജിത്ത് അര്‍ഹനായി. ആറളവുമായി ബന്ധപ്പെട്ട 'മരണത്തിലേക്കുള്ള പട്ടയം' എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ഇത്തവണ മികച്ച റൂറല്‍ റിപ്പോര്‍ട്ടാണ് അവാര്‍ഡിന് പരിഗണിച്ചത്. കേരള കൗമുദി മുന്‍ ഡെപ്യൂട്ടി എഡിറ്ററും മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ അസി. ഡയറക്ടറുമായ എസ്. രാധാകൃഷ്ണന്‍, ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ എം.ഒ. വര്‍ഗീസ്, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 15,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 20ന് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശിയാണ് ശ്രീജിത്ത്. റൂറല്‍ റിപ്പോര്‍ട്ടിങിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലന്‍സ് അവാര്‍ഡ്, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസ് പ്രത്യേക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.