സംസ്ഥാന തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്; തുടര്‍ച്ചയായി ആറാം തവണയും സ്വര്‍ണ്ണ മെഡല്‍ നേടി ഫാത്തിമ
വിദ്യാനഗര്‍ പടുവടുക്കത്തെ പരേതനായ അഡ്വ. അഷ്റഫ്-ജമീല ദമ്പതികളുടെ മകളാണ്;
കാസര്‍കോട്: തിരുവനന്തപുരം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എല്‍.എന്‍.സി.പി.ഇ) ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 27-ാമത് സംസ്ഥാന ജൂനിയര്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും സ്വര്‍ണ്ണ മെഡല്‍ നേടി കാസര്‍കോട്ടുകാരി എ.എം ഫാത്തിമ. ഈ മാസം 30 മുതല്‍ നവംബര്‍ 2 വരെ ബംഗളൂരുവില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിരിക്കുകയാണ് വിദ്യാനഗര്‍ പടുവടുക്കത്തെ പരേതനായ അഡ്വ. അഷ്റഫ്-ജമീല ദമ്പതികളുടെ മകളായ ഈ മിടുക്കി.
തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഫാത്തിമ കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് തയ്കോണ്ടോ ചാമ്പ്യന്‍ഷിപ്പിലും തയ്കോണ്ടോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പിലും സില്‍വര്‍ മെഡല്‍ നേടിയിരുന്നു. ഖേലോ ഇന്ത്യ സൗത്ത് സോണ്‍ തയ്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലും ഖേലോ ഇന്ത്യ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രോണ്‍സ് മേഡലും നേടിയിട്ടുണ്ട്.
ഈ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേടി. അടുത്ത മാസം ജമ്മു കശ്മീരില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ മത്സരിക്കാനും അര്‍ഹത നേടിയിട്ടുണ്ട്.