തളങ്കര സ്വദേശിയായ യുവ ഡോക്ടര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധേയമായ പിയറി ഫൗഷാര്‍ഡ് അക്കാദമിയുടെ ഫെലോഷിപ്പ്
നേരത്തെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓറല്‍ ഇംപ്ലാന്റോളജിസ്റ്റ് ഫെലോ പദവിയും അഹമദ് ഇര്‍ഫാന് ലഭിച്ചിരുന്നു.;
കാസര്‍കോട്: അന്താരാഷ്ട്ര ശ്രദ്ധേയമായ പിയറി ഫൗഷാര്‍ഡ് അക്കാദമിയുടെ ഫെലോഷിപ്പ് നേടി കാസര്‍കോട് തളങ്കര സ്വദേശിയായ യുവ ഡോക്ടര്‍. തളങ്കര ഖാസിലേന്‍ സ്വദേശിയും ബംഗളൂരുവില്‍ ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജനുമായ ഡോ. അഹമദ് ഇര്‍ഫാനാണ് ആഗോളതലത്തില്‍ ശ്രദ്ധേയരായ ഡെന്റല്‍ വിദഗ്ധര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരത്തിന് അര്‍ഹനായത്.
കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ചടങ്ങില്‍ ഫെലോഷിപ്പ് ഏറ്റുവാങ്ങി. നേരത്തെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓറല്‍ ഇംപ്ലാന്റോളജിസ്റ്റ് ഫെലോ പദവിയും അഹമദ് ഇര്‍ഫാന് ലഭിച്ചിരുന്നു. സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ത്തോപെഡിക്സില്‍ നിന്നുള്ള മാകിസിലോഫേഷ്യല്‍ ട്രോമാ സര്‍ജറിയിലും കിഡ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓറല്‍ ഓങ്കോളജി സര്‍ജറിയിലും 18 മാസത്തെ ഫെലോഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
ശസ്ത്രക്രിയ, രോഗ ചികിത്സാരംഗത്ത് ഡോ. ഇര്‍ഫാന്റെ വൈദഗ്ധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ബംഗളൂരുവിലെ വിവിധ ആസ്പത്രികളിലും ക്ലിനിക്കുകളിലും സേവനം അനുഷ്ടിക്കുന്ന ഡോ. ഇര്‍ഫാന്‍ ഓങ്കോളജി, ഇംപ്ലാന്റോളജി, ട്രോമാ സര്‍ജറി രംഗങ്ങളില്‍ അത്യാധുനിക ചികിത്സാസേവനങ്ങള്‍ നല്‍കി പ്രശംസ പിടിച്ചുപറ്റുകയാണ്.
ഓക്സ് ഫോര്‍ഡ് ഡെന്റല്‍ കോളേജില്‍ നിന്നാണ് ഇര്‍ഫാന്‍ ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ എം.ഡി.എസ് പൂര്‍ത്തിയാക്കിയത്. ഖാസിലേനിലെ എന്‍.എ അബ്ദുല്ലയുടെയും പരേതയായ അലീമയുടെയും മകനാണ്. കാഞ്ഞങ്ങാട് സ്വദേശിനിയും ബംഗളൂരുവില്‍ ഡെന്റിസ്റ്റുമായ ഡോ. റഖീബ അബ്ദുല്ലയാണ് ഭാര്യ. ബംഗളൂരുവില്‍ എം.എസ് ധോണി ഗ്ലോബല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ അയിദിന്‍ ഇമാദ് അബ്ദുല്ല മകനാണ്.