പുഷ്പ 2 പ്രമീയര്‍ ഷോ കേസ്: അല്ലു അര്‍ജുനെ ഇന്ന് ചോദ്യം ചെയ്യും
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ഇന്ന് ചോദ്യം ചെയ്യും. ഹൈദരാബാദ് പൊലീസിന് മുമ്പാകെ അല്ലു അര്‍ജുന്‍ ഇന്ന് ഹാജരാകും. ഡിസംബര്‍ നാലിനാണ് പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്ന് തിക്കും തിരക്കുമുണ്ടായി രേവതി മരിച്ചത്. രേവതിയുടെ മകന്‍ എട്ട് വയസുകാരന്‍ ശ്രീ തേജ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തിയേറ്റര്‍ ഉടമയെയും ജനറല്‍ മാനേജറെയും സുരക്ഷാ മാനേജറെയും ഡിസംബര്‍ എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അല്ലു അര്‍ജുന്‍ പ്രീമിയര്‍ ഷോയ്ക്ക് വരരുതെന്ന് അറിയിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ഡിസംബര്‍ 13ന് അല്ലു അര്‍ജുനെ ചിക്കഡപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഒരു ദിവസം ജയിലില്‍ കഴിഞ്ഞ അല്ലു തെലങ്കാന ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. സംഭവത്തില്‍ താരത്തിന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി.