'ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്'; ഇന്ത്യയ്ക്ക് പണം നല്‍കുന്നത് നിര്‍ത്തിയ 'ഡോജിന്റ' നടപടിയെ ന്യായീകരിച്ച് ട്രംപ്
വാഷിങ്ടന്‍: കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹായം യു എസ് നിര്‍ത്തലാക്കിയ വാര്‍ത്ത. യുഎസ് നല്‍കിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളര്‍) സഹായം നിര്‍ത്തലാക്കുന്നു എന്ന വിവരം ഫെബ്രുവരി 16 ന് ആണ് 'ഡോജ്' (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇലോണ്‍ മസ്‌ക് ആണ് ഡോജിന് നേതൃത്വം നല്‍കുന്നത്.
എന്നാല്‍ ഡോജിന്റെ ഈ തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുഎസിലെ നികുതിദായകരുടെ പണം ഇത്തരത്തില്‍ ചെലവഴിക്കുന്നത് എന്തിനെന്നാണ് ട്രംപിന്റെ ചോദ്യം.
'ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ എന്തിനാണ് നമ്മള്‍ 21 മില്യണ്‍ ഡോളര്‍ നല്‍കുന്നത്. ഇന്ത്യയ്ക്ക് ധാരാളം പണമുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് അവര്‍. ഇന്ത്യയിലെ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ മൂലം അമേരിക്ക ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്,' എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.
'എനിക്ക് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വളരെയധികം ബഹുമാനമുണ്ട്. അദ്ദേഹം രണ്ട് ദിവസം മുമ്പാണ് അമേരിക്ക സന്ദര്‍ശിച്ചത്. പക്ഷെ ഇന്ത്യയിലെ വോട്ടെടുപ്പിനായി എന്തിന് 21 മില്യണ്‍ ഡോളര്‍ നല്‍കണം,' എന്നും ട്രംപ് ചോദിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സെര്‍ബിയ, നേപ്പാള്‍, കംബോഡിയ, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകളാണ് ഡോജ് നടത്തിയത്. രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനായി ബംഗ്ലാദേശിനുള്ള 29 ദശലക്ഷം ഡോളര്‍ ഗ്രാന്റ് ആണ് നിര്‍ത്തലാക്കിയത്.
ഇനിയും ചെലവു കുറച്ചില്ലെങ്കില്‍ അമേരിക്ക പാപ്പരാകുമെന്നാണ് മസ്‌ക് നിരന്തരം വാദിക്കുന്നത്. യുഎസിന്റെ ധനസഹായം വെട്ടിക്കുറച്ച നടപടി ഇന്ത്യയിലും വിവാദമായിട്ടുണ്ട്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പുറത്തുനിന്നുള്ള സ്വാധീനത്തിനുള്ള തെളിവാണ് യുഎസ് നല്‍കിയിരുന്ന ധനസഹായം എന്നാണ് ബിജെപിയുടെ സമൂഹമാധ്യമ വിഭാഗം തലവന്‍ അമിത് മാളവ്യ അഭിപ്രായപ്പെട്ടത്.