മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണം; 2 ശ്വാസകോശങ്ങളിലും ന്യൂമോണിയ

Update: 2025-02-19 05:03 GMT

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആന്റിബയോട്ടിക് ചികില്‍സ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ ലോകത്തോട് അഭ്യര്‍ഥിച്ചു. റോമിലെ ജെമെല്ലി ആശുപത്രിക്ക് മുന്നില്‍ പ്രാര്‍ഥനയുമായി ആയിരങ്ങളാണ് നിലകൊള്ളുന്നത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

മാര്‍പാപ്പ ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു.

Similar News