പാകിസ്ഥാന്‍ ട്രെയിന്‍ ഹൈജാക്ക്: 104 പേരെ മോചിപ്പിച്ചു; കൊല്ലപ്പെട്ടത് 16 അക്രമികളും 30 സൈനികരും

Pakistan train hijack: 16 separatists killed, 104 passengers rescued;

Update: 2025-03-12 05:49 GMT

ക്വറ്റ: കഴിഞ്ഞദിവസം ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചു. 58 പുരുഷന്മാരേയും 31 സ്ത്രകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ഏറ്റമുട്ടലില്‍ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുന്നതായും പാക് സുരക്ഷാസേന അറിയിച്ചു.

മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സുരക്ഷാസേനകള്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. ബി.എല്‍.എയുമായുള്ള ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം.

ചൊവ്വാഴ്ച ക്വറ്റയില്‍നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ പേഷാവറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്സ്പ്രസാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ആക്രമിച്ചത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടനവാദി സംഘടനയായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുക്കുകയായിരുന്നു.

സിബി-ബോളന്‍ അതിര്‍ത്തിയിലാണ് ആക്രമണം നടന്നത്. ആയുധധാരികളായ അക്രമികള്‍ ട്രെയിനില്‍ പതിയിരുന്ന് ആക്രമണം നടത്തി. ആക്രമണത്തില്‍ ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. നിലവിലുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് പ്രാദേശിക ആശുപത്രികള്‍ അതീവ ജാഗ്രതയിലാണ്.

ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വിഘടനവാദികള്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുവെന്നും എന്നാല്‍ സുരക്ഷാ സേന തുരങ്കം വളഞ്ഞിട്ടുണ്ടെന്നും ശേഷിച്ച യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

43 പുരുഷന്മാരും 26 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 80 യാത്രക്കാരെ നേരത്തെ സുരക്ഷാ സേന വിജയകരമായി മോചിപ്പിച്ചതായി ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ഡ് അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹൈജാക്കിംഗ് വിവരം ലഭിച്ചയുടന്‍ സൈനികര്‍ വിദൂര തുരങ്ക സ്ഥലത്ത് എത്തിയതായി റിന്‍ഡ് വ്യക്തമാക്കിയിരുന്നു. ട്രെയിന്‍ പിടിച്ചെടുത്ത പ്രദേശത്ത് കനത്ത വെടിവയ്പ്പും സ്‌ഫോടനങ്ങളും നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാഫര്‍ എക്‌സ്പ്രസിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ റെയില്‍വേ ചൊവ്വാഴ്ച പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍ എന്നിവയ്ക്കിടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ ട്രെയിന്‍ ഹൈജാക്ക്: അടിയന്തര ഡെസ്‌ക് സജ്ജമാക്കി

അപകടത്തിന് പിന്നാലെ പാകിസ്ഥാന്‍ റെയില്‍വേ ക്വറ്റ, പെഷവാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ അടിയന്തര ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നര മാസത്തിലേറെയായി നിര്‍ത്തിവച്ചിരുന്ന ക്വറ്റയ്ക്കും പെഷവാറിനും ഇടയില്‍ അടുത്തിടെ പുനരാരംഭിച്ച സര്‍വീസിന്റെ ഭാഗമായിരുന്നു ഹൈജാക്ക് ചെയ്യപ്പെട്ട ട്രെയിന്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Similar News