ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ ; 13 മാസത്തെ യുദ്ധത്തിന് അവസാനമാകുന്നു

60 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് യു.എസ്;

Update: 2024-11-27 04:55 GMT

സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ 13 മാസം നീണ്ടുനിന്ന യുദ്ധത്തിന് അവസാനമാകുന്നു. യു.എസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇസ്രായേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കരാര്‍ അംഗീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈറ്റ് ഹൗസില്‍ നടത്തി. താത്കാലികമായല്ല മറിച്ച് സ്ഥിരമായ സമവായത്തിലേക്കാണ് കരാര്‍ ഉറപ്പിച്ചതെന്നും ബൈഡന്‍ പറഞ്ഞു. ബ്ലൂ ലൈനിന് ഇരുവശത്തുമുള്ള ജനങ്ങള്‍ക്ക് തങ്ങളുടെ പാര്‍പ്പിടത്തിലേക്ക് മടങ്ങാമെന്നും ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇരുകൂട്ടരും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 60 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ സേന മേഖലയില്‍ നിന്ന് പിന്‍വാങ്ങുമെന്നും സമാധാനം സാധ്യമാണെന്നും ബൈഡന്‍ പറഞ്ഞു.

ഇസ്രായേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുള്ള സംഘം 40 കിലോമീറ്റര്‍ പിന്നോട്ട് പിന്‍വാങ്ങണം. അതേസമയം ഇസ്രായേല്‍ സൈന്യം ലെബനനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണം. ഹിസ്ബുള്ള സംഘം പിന്‍വാങ്ങിയ ഘട്ടത്തില്‍ പ്രദേശം ലെബനന്‍ സായുധസേനയുടെ നിയന്ത്രണത്തിലാവും . ഹിസ്ബുളളയുടെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍ പ്രദേശത്ത് നിന്ന് നീക്കുമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ലെബനന്‍ സൈന്യം തെക്കന്‍ മേഖലയില്‍ 5000 സൈനികരെ വിന്യസിച്ചേക്കും. യു.എന്‍ സമാധാന സേനയും ലെബനന്‍ സൈന്യവും അന്താരാഷ്ട്ര സമിതിയും ഹിസ്ബുള്ള സംഘത്തെ നിരീക്ഷിക്കുന്നതിനൊപ്പം സമാധാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചു. നടപടികള്‍ക്ക് നേതൃത്വം നല്‍കിയ യു.എസിനെ അഭിനന്ദിക്കുന്നു. സുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഹിസ്ബുള്ള കരാര്‍ ലംഘിച്ചാല്‍ തിരിച്ചും ആക്രമിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പുതിയ കരാറിലൂടെ സാധിക്കുമെന്ന്‌ പറഞ്ഞ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിഖാത്തി വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്തു. ആക്രമണത്തിന് അവസാനമുണ്ടാകണമെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും ഹിസ്ബുള്ള വ്യക്തമാക്കി.

Similar News