ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് പരുക്ക്; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Update: 2025-02-20 05:40 GMT

കാഠ്മണ്ഡു: ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. നേപ്പാളില്‍ നടന്ന ടൂറിസം പരിപാടിക്കിടെ ഫെബ്രുവരി 15ന് ആയിരുന്നു സംഭവം. 'വിസിറ്റ് പൊഖാറ ഇയര്‍ 2025' ന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് പൊള്ളലേറ്റത്.

ചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികള്‍ കത്തിച്ചതിന് തൊട്ടുപിന്നാലെ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കത്തിച്ച മെഴുകുതിരിയില്‍ നിന്ന് ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ക്ക് തീപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ബിഷ്ണു പൗഡലിനും പൊഖാറ മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ധനരാജ് ആചാര്യയ്ക്കും പരുക്കേറ്റു.

അന്വേഷണത്തില്‍ അപകടത്തിന് കാരണം ഇന്ത്യന്‍ പൗരനായ കമലേഷ് കുമാറാണെന്ന് കണ്ടെത്തിയെന്നും ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പോഡലിന്റെയും ആചാര്യയുടെയും കൈകള്‍ക്കും മുഖത്തുമാണ് പരുക്കേറ്റത്. ഉടന്‍ തന്നെ ഇരുവരേയും കാഠ്മണ്ഡുവിലെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടു. എങ്കിലും ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Similar News