യു. എസിൽ ട്രംപ് യുഗം: 47ാം പ്രസിഡൻ്റായി ചുമതലയേറ്റു

Update: 2025-01-21 01:47 GMT

വാഷിങ്ടൺ: സുവർണ കാലത്തിന് തുടക്കമായെന്ന പ്രഖ്യാപനത്തോടെ യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടൺ ഡി.സിയിലെ യു.എസ്. ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861-ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ൽ തന്റെ അമ്മ നൽകിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സത്യപ്രതിജ്ഞ ചെയ്തു.2016-ന് ശേഷം 2024-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടർച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി

സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിന് ശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അതിശൈത്യം മൂലമാണ് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലേക്ക് ചടങ്ങ് മാറ്റിയത്.

Similar News