യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്റിനും ട്രംപിന്റെ വിമര്‍ശനം
ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും നേരെ വിമര്‍ശനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുനേതാക്കളും ഒന്നും ചെയ്തില്ലെന്നാണ് ട്രംപിന്റെ വിമര്‍ശനം.
അടുത്ത ആഴ്ചയില്‍ ഇരുനേതാക്കളും വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് വിമര്‍ശനം എന്നതും ശ്രദ്ദേയമാണ്. ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ചയും കെയിര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ചയും ആണ് യു.എസ്. സന്ദര്‍ശനത്തിനായി എത്തുന്നത്.
അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് കാര്യമായ പങ്കില്ലെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു.
യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് അധികാരമേറ്റ ശേഷം യു.എസും യൂറോപ്യന്‍ രാജ്യങ്ങളും രണ്ട് തട്ടിലാണ് നില്‍ക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപ് മുന്‍കൈ എടുത്ത് സൗദി അറേബ്യയില്‍ വച്ച് യു.എസ്. സംഘം റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ യു.എസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളേയും യുക്രൈനേയും പങ്കെടുപ്പിച്ചിരുന്നില്ല.
പിന്നാലെ ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ പാരീസില്‍ യൂറോപ്യന്‍ നേതാക്കള്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനിടെയാണ് ഒരു അഭിമുഖത്തില്‍ ട്രംപ് ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികളെ വിമര്‍ശിച്ച് സംസാരിച്ചത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ഇരുവരേയും പ്രശംസിക്കാനും ട്രംപ് തയ്യാറായി. താന്‍ മാക്രോണിനെ ഒരു 'സുഹൃത്ത്' ആയി കണക്കാക്കുന്നുവെന്നും സ്റ്റാര്‍മര്‍ 'വളരെ നല്ല വ്യക്തി' ആണെന്നും ട്രംപ് പറഞ്ഞു.
മൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യത അത്ര അകലെയല്ലെന്നും അത് തടയുമെന്നും ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബൈഡന്‍ ഭരണകൂടം ഒരു വര്‍ഷംകൂടി തുടര്‍ന്നിരുന്നെങ്കില്‍ യുദ്ധം ഉറപ്പായും ഉണ്ടാകുമായിരുന്നുവെന്നും എന്നാല്‍ നിലവിലുള്ള ഒരു യുദ്ധത്തിലും യു.എസ്. ഭാഗമാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.