കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപിന്റെ പ്രണയദിന സന്ദേശം
വാഷിങ്ടന്‍: കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രണയദിന സന്ദേശം. 'റോസാപ്പൂക്കള്‍ ചുവപ്പാണ്, വയലറ്റ് നീലയാണ്. നിയമവിരുദ്ധമായി ഇവിടെ വരൂ, ഞങ്ങള്‍ നിങ്ങളെ നാടുകടത്തും' - എന്നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രണയദിന സന്ദേശത്തില്‍ പറയുന്നത്.
നേരത്തേയും വൈറ്റ് ഹൗസ് പ്രണയദിന സന്ദേശങ്ങള്‍ പുറത്തുവിടാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അതിര്‍ത്തി മേധാവി തോമസ് ഹോമന്റെയും കര്‍ക്കശമായ മുഖങ്ങള്‍ നല്‍കിയായിരുന്നു പ്രണയദിനത്തിലെ വൈറ്റ് ഹൗസിന്റെ എക്‌സ് പോസ്റ്റ്.
എഡ്മണ്ട് സ്‌പെന്‍സറുടെ വിഖ്യാതമായ 'ദി ഫിയറി ക്വീന്‍' എന്ന കവിതയിലെ മനോഹരമായ വരികളാണ്'വയലറ്റുകള്‍ നീലയാണ്, റോസാപ്പൂക്കള്‍ ചുവപ്പാണ്' എന്ന സന്ദേശത്തിനായി വൈറ്റ് ഹൗസ് തിരഞ്ഞെടുത്തത്. സ്‌നേഹം ശക്തവും വികാരഭരിതവുമാണ്. ചുവന്ന റോസാപ്പൂവ് അതിനെ പ്രതിനിധീകരിക്കുന്നു. അതേസമയം പ്രണയം വിശ്വസ്തവും ആഴത്തിലുള്ളതും ആത്മാര്‍ത്ഥവുമാണ്. നീല നിറം അതിനെയും പ്രതിനിധീകരിക്കുന്നു.
സാധാരണയായി പ്രണയദിനത്തില്‍ ഈ വരികള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തവണ പുതിയ പ്രസിഡന്റ് അധികാരത്തിലേറിയതോടെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്. നിരവധി പേരെ ഇതിനോടകം തന്നെ നാടുകടത്തുകയും ചെയ്തു.
വളരെ ക്രൂരമായ പെരുമാറ്റമാണ് ഭരണകൂടം നാടുകടത്തുവരോട് ചെയ്യുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പല നേതാക്കളും പ്രതകരിച്ചിട്ടുണ്ടെങ്കിലും തന്റെ നടപടികളുമായി മുന്നോട്ടുപോകുകയാണ് ട്രംപ്. യുഎസിന്റെ കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്, അതിര്‍ത്തി മേധാവി തോമസ് ഹോമന്‍ മുന്നറിയിപ്പ് നല്‍കിയതും വിവാദമായിരുന്നു.
Happy Valentine's Day ♥️ pic.twitter.com/6d7qmo7gtz
— The White House (@WhiteHouse) February 14, 2025