ഗാസാ-ഇസ്രായേല്‍ സമാധാനക്കരാര്‍: 3 ഇസ്രായേല്‍ തടവുകാരും 90 പലസ്തീനികളും മോചിതരായി

Update: 2025-01-20 04:15 GMT

ജറുസലേം: 15 മാസം നീണ്ട യുദ്ധം. 47000 മനുഷ്യരുടെ കൂട്ടക്കുരുതി. പിഞ്ചുകുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഏറെ. ലോകം മുഴുവന്‍ ചര്‍ച്ചയായ ഇസ്രായേല്‍-ഗാസ യുദ്ധക്കെടുതിയ്ക്ക് അന്ത്യം കുറിക്കാനെന്നവണ്ണം ഞായറാഴ്ച നിലവില്‍ വന്ന സമാധാനക്കരാറിന്റെ ഭാഗമായി ഹമാസ് മൂന്ന് ഇസ്രായേലി ബന്ദികളെ കൈമാറി. മണിക്കൂറുകള്‍ക്ക് പിന്നാലെ ഇന്ന് 90 പലസ്തീന്‍ തടവുകാരെയും ഇസ്രായേല്‍ മോചിപ്പിച്ചു. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ നഗരങ്ങളില്‍ പലസ്തീന്‍ നടത്തിയ ആക്രമണത്തിന് ശേഷം ഗാസയില്‍ തടവിലായിരുന്ന മൂന്ന് സ്ത്രീകളെയാണ് ഹമാസ് ഞായറാഴ്ച മോചിപ്പിച്ചത് .

സമാധാനപ്രകാരം ഹമാസ് ബന്ദികളാക്കിയ 33 പേരെ ഗാസയില്‍ നിന്ന് തിരിച്ചയക്കും. നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെയും ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കും.

ഹമാസ് തടവിലാക്കിയ മൂന്ന് ബന്ദികളായ എമിലി ദമാരി, റോമി ഗോനെന്‍, ഡോറണ്‍ സ്റ്റെയിന്‍ബ്രേച്ചര്‍ എന്നിവര്‍ കുടുംബങ്ങളെ കണ്ടുമുട്ടി. ഇസ്രായേല്‍ സൈന്യം പങ്കുവെച്ച ദൃശ്യം അതിവൈകാരികമായിരുന്നു.

'റോമി, ഡോറണ്‍, എമിലി ഒരു ജനത മുഴുവന്‍ നിങ്ങളെ ആശ്ലേഷിക്കുന്നു. നിങ്ങളുടെ വീട്ടിലേക്ക് മടങ്ങിയതിന് അഭിനന്ദനങ്ങള്‍. ഇതുപോലെ എല്ലാവരെയും വീട്ടിലേക്ക് കൊണ്ടുവരും,' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഗസ്സയില്‍ ഹമാസുമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിച്ചത് ആദ്യം നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയായിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തില്‍ 1,210 പേര്‍ കൊല്ലപ്പെട്ടു, കൂടുതലും സാധാരണക്കാര്‍. ബന്ദികളാക്കിയ 251 പേരില്‍ 94 പേര്‍ ഇപ്പോഴും ഗാസയിലാണ്, ഇതില്‍ 34 പേര്‍ മരിച്ചതായി ഇസ്രായേല്‍ സൈന്യം പറയുന്നു.

കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നാം ഘട്ടത്തിന്റെ 16-ാം ദിവസത്തോടെ ആരംഭിക്കും, ബാക്കിയുള്ള എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മൂന്നാം ഘട്ടത്തില്‍ അവശേഷിക്കുന്ന എല്ലാ മൃതദേഹങ്ങളും തിരികെ കൊണ്ടുവരുന്നതും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന്റെ തുടക്കവും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ

ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ മറുപടി ആക്രമണങ്ങളില്‍ 47,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,10,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ ഏതാണ്ട് 2.3 ദശലക്ഷം ജനങ്ങളും ഭവനരഹിതരാണ്.

Similar News