കടുവാ ആക്രമണം; കൊല്ലപ്പെട്ട രാധ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു

Update: 2025-01-25 05:35 GMT

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ, ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. രാധയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോഴാണ് പലരും ഇക്കാര്യം അറിഞ്ഞത്. മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് രാധ. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് മിന്നുമണി വാര്‍ത്ത അറിഞ്ഞത്.

തോട്ടം തൊഴിലാളിയായ രാധയെ വെള്ളിയാഴ്ച രാവിലെയാണ് കാപ്പിക്കുരു പറിക്കാന്‍ പോകുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പോസ്റ്റിന്റെ മുഴുവൻ രൂപം 
വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്....അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു....ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി....🥲

Full View

Similar News