സോഷ്യല്‍ മീഡിയയില്‍ താരമായി ബെന്നറ്റ് എന്ന കൊച്ചുകുട്ടി; 911 ല്‍ വിളിച്ച് പൊലീസിനോട് ആവശ്യപ്പെട്ടത് 'ഡോനറ്റ്'

Update: 2025-03-03 12:19 GMT

സോഷ്യല്‍ മീഡിയയില്‍ താരമായി ബെന്നറ്റ് എന്ന കൊച്ചുകുട്ടി. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് വിളിക്കാനുള്ള 911 ല്‍ വിളിച്ചതോടെയാണ് ഓഖ്‌ലഹോമയിലെ ഈ കുഞ്ഞ് താരമായത്. മൂര്‍ പൊലീസ് ഡിപാര്‍ട്‌മെന്റ് കുട്ടിയുടെ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ അത് വൈറലാകുകയായിരുന്നു. നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്.

ഫെബ്രുവരി 28 -നാണ് സംഭവം നടന്നത്. എമര്‍ജന്‍സി നമ്പറായ 911 -ലേക്ക് വിളിച്ച് തനിക്ക് വളരെ അത്യാവശ്യമായി ഡോനട്ട് വേണം എന്ന് കുട്ടി ആവശ്യപ്പെടുകയായിരുന്നു. (പുളിപ്പിച്ച വറുത്ത മാവില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു തരം മധുര പലഹാരമാണ് ഡോനട്ട്. പല രാജ്യങ്ങളിലും ഇത് ജനപ്രിയമാണ്. വീട്ടില്‍ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. ബേക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇത് ലഭിക്കും.)

വിളിച്ചയുടനെ കുഞ്ഞ് പൊലീസിനോട് ചോദിച്ചത് 'ഇത് 911 എമര്‍ജന്‍സി നമ്പറല്ലേ' എന്നാണ്. മറുഭാഗത്തുനിന്നും 'അതെ എന്തെങ്കിലും എമര്‍ജന്‍സിയുണ്ടോ' എന്ന ചോദ്യം വന്നതോടെ 'അത്യാവശ്യമായി ഡോനട്ട് ആവശ്യമുണ്ട്' എന്നായിരുന്നു കുഞ്ഞിന്റെ മറുപടി.

കൊച്ചുകുഞ്ഞാണ് മറുതലയ്ക്കല്‍ എന്നറിഞ്ഞതോടെ പൊലീസുകാര്‍ 'ഡോനട്ടോ? എനിക്ക് ഡോനട്ട് വേണം. നിന്റെ ഡോനട്ടില്‍ നിന്നും എനിക്കൊരു പങ്ക് തരുമോ' എന്ന് തിരിച്ചു ചോദിച്ചു. എന്നാല്‍, ബെന്നറ്റ് അപ്പോള്‍ തന്നെ കോള്‍ കട്ട് ചെയ്യുകയായിരുന്നു.

എന്തായാലും, ബെന്നറ്റിനെ ഒട്ടും നിരാശപ്പെടുത്താതെ പിറ്റേന്ന് രാവിലെ തന്നെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. ഡോനട്ട് കൈമാറി. അപ്പോള്‍ ആ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെ ആയിരുന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്.

പൊലീസ് പങ്കുവച്ച വീഡിയോയില്‍ ബെന്നറ്റ് ഓടിവന്ന് ഡോനട്ട് എടുത്ത് കഴിക്കുന്നത് കാണാം. അവന്റെ സഹോദരനും ഡോനട്ട് എടുത്ത് കഴിക്കുന്നുണ്ട്. പൊലീസിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ബെന്നറ്റ് മടി കാണിച്ചില്ല. വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. നിറയെ നെഗറ്റീവ് വാര്‍ത്തകള്‍ കാണുന്ന ഇക്കാലത്ത് ഇത്തരം കാഴ്ചകളും നമുക്ക് ആവശ്യമാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

പഴയ ഒരു സെല്‍ ഫോണില്‍ നിന്നുമാണ് കുട്ടി വിളിച്ചതെന്ന് പൊലീസ് പറയുന്നു. ഇതില്‍ ഫോട്ടോ എടുക്കല്‍, ഡാറ്റ നെറ്റ്വര്‍ക്കുകള്‍ ആക്സസ് ചെയ്യല്‍ തുടങ്ങിയ പതിവ് പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെങ്കിലും, അടിയന്തര സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഒരു ഫോണിന്റെ സേവന നില പരിഗണിക്കാതെ ആര്‍ക്കും അടിയന്തര സഹായം അഭ്യര്‍ത്ഥിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന ഒരു ബില്‍റ്റ്-ഇന്‍ സുരക്ഷാ സവിശേഷത ഇതിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Similar News