ബാസ്‌കറ്റ്‌ബോള്‍ താരമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവാവ് വിഴുങ്ങിയത് കോടികളുടെ വജ്രാഭരണങ്ങള്‍

Update: 2025-03-06 07:08 GMT

ഹൂസ്റ്റണ്‍: ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം ജ്വല്ലറിയില്‍ നിന്നും കോടികള്‍ വിലവരുന്ന വജ്രാഭരണങ്ങള്‍ കവര്‍ന്ന സംഭവമാണ്. ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയിലെ പ്രമുഖ മാളില്‍ നടന്ന സംഭവമാണ് ചര്‍ച്ചയായിരിക്കുന്നത്.

അമേരിക്കയിൽ 6.8 കോടി രൂപ വിലമതിക്കുന്ന  വജ്രാഭരണങ്ങളാണ് കവര്‍ന്നത്. ബാസ്‌കറ്റ് ബോള്‍ താരം ചമഞ്ഞെത്തിയ 32കാരന്‍ ഇത്രയും വലിയ കവര്‍ച്ച നടത്തിയതിലുള്ള ആശ്ചര്യമാണ് പലരും പങ്കുവയ്ക്കുന്നത്.

ജീവനക്കാര്‍ മോഷണം ശ്രദ്ധയില്‍പ്പെട്ടതോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആഭരണങ്ങള്‍ ഇയാള്‍ വിഴുങ്ങുകയായിരുന്നു. ഇപ്പോഴാകട്ടെ ആഭരണങ്ങള്‍ പുറത്തെടുക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കേസ് അന്വേഷിക്കുന്ന പൊലീസുകാര്‍.

ടിഫാനി ആന്‍ഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട് ലെറ്റില്‍ എത്തിയ ജേയ്തന്‍ ഗില്‍ഡര്‍ എന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു. നിലവില്‍ തൊണ്ടിമുതല്‍ വയറില്‍ കുടുങ്ങിയ നിലയില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചുവന്ന തൊപ്പിയും ചുവന്ന ടീ ഷര്‍ട്ടും റിപ്പ്ഡ് ജീന്‍സും ധരിച്ച് ജ്വല്ലറിയിലെത്തിയ ഇയാള്‍ ഓര്‍ലാന്‍ഡോയിലെ പ്രശസ്തമായ ഓര്‍ലാന്‍ഡോ മാജിക് ബാസ്‌കറ്റ് ബോള്‍ ടീമിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പിന്നാലെ ജീവനക്കാര്‍ ഇയാളെ ജ്വല്ലറിയിലെ വിഐപി മുറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും രണ്ട് വജ്ര കമ്മലുകളും ഒരു വജ്ര മോതിരവും പരിശോധിക്കാനെടുത്ത ഇയാള്‍ തൊട്ടുപിന്നാലെ സ്ലെഡിംഗ് ഡോറുകള്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ജ്വല്ലറിയിലെ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാവുകയും പിടിവലിക്കിടെ മോതിരം നിലത്ത് വീഴുകയും ചെയ്തു. ഇതിനിടെ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇയാളുടെ കൈവശം തോക്കുണ്ടെന്ന് കരുതി ജീവനക്കാര്‍ ഭയന്ന് നില്‍ക്കുന്നതിനിടെ അവരെ വെട്ടിച്ച് മാളിലെ മുന്‍വാതിലിലൂടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.

പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ വാഹനം തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചത്. ഈ വാഹനം ഗതാഗത നിയമ ലംഘനത്തിന് പിടിയിലായതോടെയാണ് അറസ്റ്റ് എളുപ്പമായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷവും ഇയാള്‍ ജ്വല്ലറിയില്‍ നിന്നും എടുത്ത വജ്ര കമ്മലുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ചോദ്യം ചെയ്തപ്പോള്‍ അവ ജനലിലൂടെ വലിച്ചെറിഞ്ഞെന്നായിരുന്നു യുവാവ് പൊലീസിനോട് പറഞ്ഞത്. യുവാവിനെ വൈദ്യ പരിശോധന നടത്തിയതോടെ വജ്ര കമ്മലുകള്‍ വിഴുങ്ങിയതായി കണ്ടെത്തി. എന്നാല്‍ പൊലീസിന് ഈ ആഭരണങ്ങള്‍ തിരിച്ചെടുക്കാനായിട്ടില്ല. നിലവില്‍ ഓറഞ്ച് കൗണ്ടി ജയിലില്‍ കഴിയുന്ന യുവാവിനെതിരെ മോഷണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ജ്വല്ലറിയിലെത്തി കാവല്‍ക്കാരെ വെട്ടിച്ച് കോടികള്‍ വിലവരുന്ന ആഭരണങ്ങള്‍ അടിച്ചുമാറ്റിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ യുവാവിന്റെ ധൈര്യമാണ് എല്ലാവരേയും അതിശയിപ്പിച്ചത്. യുവാവ് വിഴുങ്ങിയ ആഭരണങ്ങള്‍ എങ്ങനെ തിരിച്ചെടുക്കാം എന്നാണ് പൊലീസ് ഇപ്പോള്‍ ചിന്തിക്കുന്നത്.

Similar News