പുലര്‍ച്ചെ കോഴി കൂവി ഉറക്കംകെടുത്തുവെന്ന് പരാതി: കൂട് മാറ്റാന്‍ ആര്‍.ഡി.ഒ ഉത്തരവ്
പത്തനംതിട്ട: പുലര്‍ച്ചെ മൂന്ന് മുതല്‍ അയല്‍വാസിയുടെ പൂവന്‍ കോഴി കൂവുന്നെന്നും ഉറക്കം കെടുത്തുവെന്നുമുള്ള പരാതിയില്‍ ആര്‍.ഡി.ഒ നടപടി. കോഴിയുടെ കൂട് മാറ്റാന്‍ ആര്‍.ഡി.ഒ ഉത്തരവിറക്കി. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് അയല്‍വാസിയുടെ കോഴി കൂവല്‍ ശല്യത്തെ തുടര്‍ന്ന് പരാതി നല്‍കിയത്. രാധാകൃഷ്ണന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍ കുമാറിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് വീടിന് മുകള്‍ നിലയിലെ കോഴിക്കൂട് മാറ്റണമെന്ന് ഉത്തരവിടുകയായിരുന്നു അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍.
കോഴി രാവിലെ മൂന്ന് മുതല്‍ കൂവുന്നതിനാല്‍ സമാധാനമായി ഉറങ്ങാന്‍ കഴിയുന്നില്ല. തന്റെ സൈര്യജീവിതത്തിന് ഇത് തടസ്സുമുണ്ടാക്കുന്നുവെന്നുമായിരുന്നു പരാതി. ഇരു കൂട്ടരുടെയും വാദം കേട്ട ആര്‍ഡിഒ സ്ഥലം പരിശോധിച്ചു. അതിനുശേഷമാണ് ആര്‍ഡിഒ ഉത്തരവിറക്കിയത്. 14 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണം എന്നും ഉത്തരവില്‍ പറയുന്നു.