വിമാന ടിക്കറ്റിന് ബസ്സിനേക്കാള്‍ നിരക്ക് കുറവ്!! ബെംഗളൂരു-കേരള യാത്ര; കൊള്ളലാഭം ലക്ഷ്യമിട്ട് സ്വകാര്യ ബസ്സുകള്‍

Update: 2025-03-05 11:05 GMT

ബെംഗളൂരു: വിഷു ഈസ്റ്റര്‍ പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടുന്നു. ഇതു മൂലം കേരളത്തിലേക്കെത്തേണ്ട ബംഗളൂരുവിലെ മലയാളികള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ട്രെയിന്‍ റിസര്‍വേഷന്‍ എല്ലാം പെട്ടെന്ന് തീരും. ആകെ ആശ്രയം ബസ്സുകളാണ്. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ കൊള്ളലാഭം കൊയ്യുകയാണ്. ഇതില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത് വിഷു-ഈസ്റ്റര്‍ അവധിക്കാലത്ത് ബസ് നിരക്ക് വിമാന നിരക്കിനേക്കാള്‍ കൂടുതലാണെന്നാണ് ഏപ്രില്‍ 11 മുതല്‍ 19 വരെ വിമാന നിരക്ക് 3000 രൂപയില്‍ താഴെയാണെന്നും സ്വകാര്യ ബസ് നിരക്ക് 3300 രൂപയിലെത്തിയെന്നും യാത്രക്കാര്‍ പറയുന്നു.

സ്വന്തം നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന നാലംഗ കുടുംബം ഏകദേശം 28,000 രൂപ ബസ് ടിക്കറ്റുകള്‍ക്ക് മാത്രം ചിലവഴിക്കേണ്ടി വരും . അവധിക്കാലത്തിന് ഒരു മാസത്തിലധികം ശേഷിക്കെ, ബസ് നിരക്കുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രസകരമെന്നു പറയട്ടെ, സ്വകാര്യ ബസുകളുടെയും കോഴിക്കോടേക്കുള്ള വിമാനങ്ങളുടെയും നിരക്ക് ഏതാണ്ട് സമാനമാണ്, രണ്ടും ഏകദേശം 3000.

കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു, ബെംഗളൂരുവില്‍ നിന്ന് രാവിലെ 6:10 ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് മാത്രമാണ് ഇപ്പോഴും കുറച്ച് ടിക്കറ്റുകള്‍ ലഭ്യമായ ട്രെയിന്‍. കേരള, കര്‍ണാടക ആര്‍ടിസി ബസുകള്‍ ഏകദേശം ഒരാഴ്ച്ചക്കുളളില്‍ ബുക്കിംഗ് ആരംഭിക്കും. എന്നിരുന്നാലും, ആര്‍ടിസി ബസ് ബുക്കിംഗ് ഒരു മാസം മുമ്പേ നടത്താന്‍ കഴിയൂ.

Similar News