കുമ്പള ടോള്‍ ബൂത്ത്;പ്രതിഷേധവും നിയമ പോരാട്ടവും തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Update: 2025-05-29 05:24 GMT

കാസര്‍കോട്: ദേശീയപാത 66ല്‍ കുമ്പള ആരിക്കാടി ടോള്‍ ബൂത്ത് നിര്‍മാണ പ്രവൃത്തി താത്കാലികമായി നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാതെ ആക്ഷന്‍ കൗണ്‍സില്‍. കുമ്പള ടോള്‍ബൂത്ത് പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ പ്രതിഷേധവും നിയമ പോരാട്ടവും തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഷ്റഫ് കര്‍ള പറഞ്ഞു. ജില്ലയിലെ എം.പിയും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും എല്ലാം സമരത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ടെന്നും പ്രതിഷേധം അന്തിമ വിജയം കാണുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അഷ്റഫ് കര്‍ള പറഞ്ഞു.

ടോള്‍ ബൂത്ത് നിര്‍മാണം തടഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 20 കിലോ മീറ്റര്‍ മാറി തലപ്പാടിയില്‍ മറ്റൊരു ടോള്‍ ബൂത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കുമ്പളയിലേത് നിയമ വിരുദ്ധമാണെന്നാരോപിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജി നല്‍കിയത്. ടോള്‍ പ്ലാസകള്‍ തമ്മില്‍ കുറഞ്ഞത് 60 കിലോ മീറ്റര്‍ ദൂരം വേണമെന്ന ദേശീയപാതാ ചട്ടത്തിലെ വ്യവസ്ഥ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എതിര്‍ കക്ഷികളായ ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ , ജില്ലാ കലക്ടര്‍, യു.എല്‍.സി.സി, ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസിന് ഉത്തരവായി. ഹര്‍ജി ജൂണ്‍ 21ന് വീണ്ടും പരിഗണിക്കും.

Similar News