മുഷ്ടി ചുരുട്ടി, മസില്‍ പെരുപ്പിച്ച് ഒരു റോബോട്ട്; 'പ്രോട്ടോക്ലോണിന്റെ' അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറക്കാര്‍
പ്രോട്ടോക്ലോണ്‍ റോബോട്ടിന് മനുഷ്യനെപ്പോലെയുള്ള ഒരു അസ്ഥികൂടമുണ്ടെന്ന് ക്ലോണ്‍ റോബോട്ടിക്‌സ് പറയുന്നു.;
വാഴ്സ: പേശീബലമുള്ള ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് പോളിഷ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്ലോണ്‍ റോബോട്ടിക്സ്. മനുഷ്യനെപ്പോലെ പെരുമാറാന്‍ ശ്രമിക്കുന്ന റോബോട്ടിന്റെ വിചിത്രവും ഭയാനകവുമായ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കമ്പനി പുറത്തുവിട്ടു. ഇത് വൈറലാകുകയും ചെയ്തു. ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള മറ്റേതൊരു ഹ്യൂമനോയിഡ് റോബോട്ടിനേക്കാളും മനുഷ്യസമാനമായതും മനുഷ്യചലനങ്ങളെ അനുകരിക്കുന്നതുമായ ആന്‍ഡ്രോയിഡുകളാണ് ഇതിന്റെ പ്രത്യേകത.
നാല് ക്യാമറകള്‍, 70 ഇനേര്‍ഷ്യല്‍ സെന്‍സറുകള്‍, തലയില്‍ ഘടിപ്പിച്ചിരിക്കുന്ന 320 പ്രഷര്‍ സെന്‍സറുകള്‍ എന്നിവ റോബോട്ടിന്റെ ഓരോ ചലനത്തെയും നിയന്ത്രിക്കുന്നു. ക്ലോണ്‍ റോബോട്ടിക്‌സ് കമ്പനിയുടെ ഭാവി മോഡലായ 'ക്ലോണ്‍ ആല്‍ഫ'യുടെ പ്രോട്ടോടൈപ്പാണ് പ്രോട്ടോക്ലോണ്‍ റോബോര്‍ട്ട്.
2021ല്‍ പോളണ്ടില്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പാണ് ക്ലോണ്‍ റോബോട്ടിക്‌സ്. ഭൗതിക ഘടനയിലും ചലനത്തിലും മനുഷ്യരുമായി എല്ലാ കാര്യങ്ങളിലും പൊരുത്തപ്പെടുന്ന ഒരു റോബോട്ട് നിര്‍മ്മിക്കുക എന്നതാണ് ക്ലോണ്‍ റോബോട്ടിക്സിന്റെ ലക്ഷ്യം.
ഏപ്രില്‍ 9 ന് കമ്പനി പുറത്തിറക്കിയ പുതിയ വീഡിയോയില്‍, റോബോട്ട് സീലിംഗില്‍ തൂങ്ങിക്കിടക്കുന്നതും അതിന്റെ കൈകളും കാലുകളും മനുഷ്യരെപ്പോലെ ചലിപ്പിക്കുന്നതും കാണാം. ഒപ്പം തോളുകള്‍ കുലുക്കുന്നതും മുഷ്ടി ചുരുട്ടുന്നതും കാണാം. പുതിയ റോബോട്ട് എല്ലാ ജോലികളും ഒരു മനുഷ്യനെപ്പോലെ തന്നെയാണ് ചെയ്യുന്നത്.
വീഡിയോയില്‍ കാണിച്ചിരിക്കുന്ന 'പ്രോട്ടോക്ലോണ്‍' കമ്പനിയുടെ ആദ്യത്തെ പേശി അധിഷ്ഠിത ആന്‍ഡ്രോയിഡ് ആണ്. അതില്‍ ഒരു പ്രത്യേക തരം 'മയോഫൈബര്‍' പേശി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. കൃത്രിമ ലിഗമെന്റുകളും ബന്ധിപ്പിക്കുന്ന വസ്തുക്കളും ഉപയോഗിച്ച് ഈ പേശികളെ റോബോട്ടിന്റെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
പ്രോട്ടോക്ലോണ്‍ റോബോട്ടിന് മനുഷ്യനെപ്പോലെയുള്ള ഒരു അസ്ഥികൂടമുണ്ടെന്ന് ക്ലോണ്‍ റോബോട്ടിക്‌സ് പറയുന്നു. ഇത് റോബോട്ടിന്റെ കൈകാലുകള്‍ സ്വാഭാവികമായി ചലിപ്പിക്കാന്‍ അനുവദിക്കുന്നു. ഈ റോബോട്ടിനുള്ളില്‍ ശക്തവും വിലകുറഞ്ഞതുമായ പോളിമര്‍ കൊണ്ട് നിര്‍മ്മിച്ച 206 അസ്ഥികളുണ്ട്.
ഈ റോബോട്ടിന്റെ പേശികളെ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഹൈഡ്രോളിക് സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. അതില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ പമ്പ് പ്രവര്‍ത്തിക്കുന്നു. ഇത് ഒരു ഹൃദയത്തോളം വലിപ്പമുള്ളതും 500 വാട്ട്‌സ് പവറില്‍ ദ്രാവകം പമ്പ് ചെയ്യാന്‍ കഴിയുന്നതുമാണ്. റോബോട്ടിന് വേദനയോ സ്പര്‍ശന ശേഷിയോ അനുഭവിക്കാനുള്ള കഴിവില്ലെങ്കിലും ശരീരത്തിന്റെ ഏത് ഭാഗം എവിടെയാണെന്ന് അറിയാന്‍ കഴിയുന്ന സെന്‍സറുകളും അതിന്റെ ശരീരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
റോബോട്ടിന്റെ തോളുകള്‍ക്ക് 20 ഡിഗ്രി വരെ ചലനശേഷിയുണ്ട്. ശരീരത്തിന്റെ മുകള്‍ ഭാഗത്തിന് മൊത്തത്തില്‍ 164 ഡിഗ്രി വരെ ചലിക്കാനുള്ള കഴിവും നല്‍കിയിരിക്കുന്നു. തങ്ങളുടെ മയോഫൈബറുകള്‍ ഭാരം കുറഞ്ഞവ മാത്രമല്ല, കൂടുതല്‍ ശക്തവും വേഗതയേറിയതുമാണെന്നും ക്ലോണ്‍ റോബോട്ടിക്‌സ് കമ്പനി അവകാശപ്പെടുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു വീഡിയോയിലൂടെയാണ് പൂര്‍ണ്ണ കൈകാലുകളുള്ള പ്രോട്ടോക്ലോണിനെ ക്ലോണ്‍ റോബോട്ടിക്‌സ് ആദ്യമായി വെളിപ്പെടുത്തിയത്. അതിന്റെ ഭയാനകമായ ചലനങ്ങള്‍ കാരണം അന്നും അത് വൈറലായി. ഭാവിയില്‍ ഈ റോബോട്ടിന് മനുഷ്യരെപ്പോലെ നടക്കാനും പാചകവും ക്ലീനിംഗും ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ചെയ്യാനും അതിഥികളെ സ്വീകരിക്കാനും അവരോട് രസകരമായി സംസാരിക്കാനുമൊക്കെ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
.