ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുക;
ഇന്ന് പലരുടെയും നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു ക്രെഡിറ്റ് കാര്‍ഡുകള്‍. ഇവ ഉപയോഗിക്കുന്നത് പണം കൈമാറ്റം ചെയ്യുന്നത് എളുപ്പമാക്കുന്നു എന്നതാണ് പലരേയും ഇതിലേക്ക് ആകൃഷ്ടരാക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുക.
ഉത്സവ സീസണായതോടെ, ആളുകള്‍ പണം ചെലവഴിക്കുന്നതും പതിവാണ്. ഇത്തരത്തില്‍ പണം കയ്യില്‍ നിന്നും പോകുമ്പോള്‍ പലരും അത് അത്ര കാര്യമാക്കാറില്ല. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പര്‍ച്ചെയ്‌സുകള്‍ക്കുമായി ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തലവേദനയായി മാറാം. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് കുടിശ്ശികയായാല്‍ പലിശ വര്‍ധിക്കാനും സിബില്‍ സ്‌കോറിനെ ബാധിക്കാനും ഇടയാക്കും.
പലപ്പോഴും ആളുകള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ മയങ്ങി അമിതമായി പണം ചെലവഴിക്കുകയും പിന്നീട് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവരാണ് ഇത്തരത്തില്‍ കൂടുതല്‍ അബദ്ധങ്ങളില്‍ ചാടുന്നത്. ഇത്തരക്കാര്‍ ഒരു കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു കാര്‍ഡിന്റെ ബില്‍ അടയ്ക്കുന്നത് പതിവാണ്. ചിലപ്പോള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റില്‍ പണം നിറച്ച് അതുപയോഗിച്ച് മറ്റൊരു കാര്‍ഡിന്റെ ബില്‍ അടയ്ക്കുകയും ചെയ്യാറുണ്ട്. പണം പിന്‍വലിക്കുമ്പോള്‍ ഏകദേശം 2.5% ചാര്‍ജ് ഈടാക്കിയിട്ട് പോലും മറ്റു വഴികളില്ലാത്തതിനാല്‍ ഇത് തുടരേണ്ടി വരുന്നു.
ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വലിയ കടബാധ്യതയിലേക്കും സാമ്പത്തിക ഞെരുക്കത്തിലേക്കും നിങ്ങളെ തള്ളിവിടാന്‍ ക്രെഡിറ്റ് കാര്‍ഡിന് സാധിക്കും. അതേസമയം ശ്രദ്ധയോടെയും വിവേകത്തോടെയും ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്നതുവഴി നേട്ടങ്ങളും ഏറെയാണ്. അതിന് ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് അറിയാം.
ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടങ്ങളും സവിശേഷതകളും മനസിലാക്കുക
ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കാം എന്ന് മനസിലാക്കുന്നതിനേക്കാള്‍ പ്രധാനമാണ് അത് എങ്ങനെയൊക്കെ നമുക്ക് പ്രയോജനകരമാകുമെന്ന് തിരിച്ചറിയുന്നത്. ഇതിന് ക്രെഡിറ്റ് കാര്‍ഡുകള്‍ തമ്മിലുള്ള വ്യത്യാസവും അതിന്റെ സവിശേഷതകളും അറിയണം. തിരിച്ചടവ് കാലയളവ് മുതല്‍ പലിശ നിരക്കിലും മറ്റ് ആനുകൂല്യങ്ങളിലും ഓരോ ക്രെഡിറ്റ് കാര്‍ഡും വ്യത്യാസപ്പെട്ടിരിക്കുന്നു.
ചെലവാക്കല്‍ പരിധി നിശ്ചയിക്കുക
നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് പരിധിക്കായി അഭ്യര്‍ത്ഥിക്കാന്‍ കഴിയുമെങ്കിലും, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി തീരുമാനിക്കുന്നത് ഇഷ്യൂ ചെയ്യുന്ന ബാങ്കിനെയോ നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍ കമ്പനിയെയോ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഭാവിയില്‍ അമിത ചെലവ് ഒഴിവാക്കുന്നതിന് നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇടപാട് പരിധി സജ്ജീകരിക്കാം. കുറഞ്ഞ ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും.
പണമായി പിന്‍വലിക്കുന്നത് ഒഴിവാക്കുക
മിക്ക ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാവൂ. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ക്യാഷ് അഡ്വാന്‍സ് ഫീസിന് പുറമെ പിന്‍വലിക്കല്‍ നിമിഷം മുതല്‍ കനത്ത പലിശ നിരക്കുകള്‍ ഈടാക്കാനും ഇടയാക്കുന്നു.
ഓട്ടോപേയും അബദ്ധങ്ങളും
കൂടുതല്‍ ആളുകളും ഒടിടി / മീഡിയ / പോഡ് കാസ്റ്റ് സബ്‌സ്‌ക്രിപ്ഷനുകള്‍ പോലുള്ള വിവിധ പ്ലാറ്റ് ഫോമുകളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാറുണ്ട്. എന്നാല്‍, പിന്നീട് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മറന്നുപോകുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ ബില്ലിംഗ് ഓട്ടോമാറ്റിക്കായി തുടരും. ഇത് പലപ്പോഴും മാസങ്ങള്‍ക്കുശേഷമാണ് തിരിച്ചറിയാറുള്ളത്, അപ്പോഴേക്കും വലിയ തുക തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് നല്ലതാണ്.
കൃത്യമായി അടച്ചില്ലെങ്കില്‍?
അതുപോലെ, പലരും ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ മറന്നുപോകാറുണ്ട്. അങ്ങനെയുള്ളവര്‍ ബാങ്ക് അക്കൗണ്ടുകള്‍ ക്രെഡിറ്റ് കാര്‍ഡുകളുമായി ലിങ്ക് ചെയ്യുകയോ ഓട്ടോപേ സംവിധാനം തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് വലിയ ചാര്‍ജുകള്‍ നല്‍കേണ്ടി വരും. കൂടാതെ, വൈകി പണമടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും, കുടിശ്ശിക ഇല്ലെങ്കില്‍ പോലും ഇത് സംഭവിക്കാം. ഹോം ലോണിനോ വ്യക്തിഗത ലോണിനോ അപേക്ഷിക്കുമ്പോള്‍ മോശം ക്രെഡിറ്റ് സ്‌കോര്‍ കാരണം അപേക്ഷ നിരസിക്കപ്പെടുമ്പോഴാണ് പല കാര്‍ഡ് ഉടമകളും ഇത് തിരിച്ചറിയുന്നത്.
സിബില്‍ സ്‌കോറിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തുക മുഴുവനായും അടയ്ക്കുക എന്നതാണ്. കുടിശ്ശിക തുക മുഴുവനായി അടച്ചാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ ഒരു പലിശയും ഈടാക്കില്ല. മിക്ക സ്റ്റോറുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് അധിക ഫീസ് ഈടാക്കുന്നില്ല. എന്നിരുന്നാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് മോഡിന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയേക്കാം.
റിവാര്‍ഡുകളും അപകടസാധ്യതകളും
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി പണം ചെലവഴിക്കാനുള്ള പ്രവണതയുണ്ട്, കാരണം പണം ബാങ്കില്‍ ഇല്ലെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു. റിവാര്‍ഡ് പോയിന്റുകള്‍, എയര്‍ മൈലുകള്‍, കാഷ് ബാക്ക് എന്നിവയെക്കുറിച്ച് ഒരുപാട് പറയാറുണ്ടെങ്കിലും, റിവാര്‍ഡ് പോയിന്റുകള്‍ക്ക് വളരെ കുറഞ്ഞ മൂല്യമേ ഉള്ളൂ. ചിലപ്പോള്‍ ചെലവഴിക്കുന്ന തുകയുടെ 0.5-1 ശതമാനം മാത്രമാണ് ഉപയോക്താവിന് തിരികെ ലഭിക്കുന്നത്. മികച്ച കണ്‍വേര്‍ഷന്‍ നിരക്കുകളുള്ള റിവാര്‍ഡ് പോയിന്റുകള്‍ കാര്‍ഡ് നല്‍കുന്ന കമ്പനിയുടെ സ്വന്തം പ്ലാറ്റ് ഫോമില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
വിമാനത്താവളത്തിലെ ലോഞ്ചുകളില്‍ സൗജന്യ ഭക്ഷണം കഴിക്കാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനും വലിയ പ്രചാരമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില ഡെബിറ്റ് കാര്‍ഡുകളും ഈ സൗകര്യം നല്‍കുന്നുണ്ട്. അഥവാ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന് ഈ സൗകര്യമില്ലെങ്കില്‍ പോലും, വിമാനത്താവളത്തില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വരുന്ന പല ചെലവുകളേക്കാളും ലാഭകരം.
ക്രെഡിറ്റ് കാര്‍ഡ് ഒരു സൗകര്യമാണ്, അത് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഗുണകരമാണ്. എന്നാല്‍, അശാസ്ത്രീയമായി ഉപയോഗിച്ചാല്‍ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാറുമുണ്ട്.
ബാലന്‍സ് ഇഎംഐ ആക്കി മാറ്റുക
ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂര്‍ണ്ണമായി അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, ബാലന്‍സ് തുക ഇഎംഐ ആയി മാറ്റി ഒരു നിശ്ചിത കാലയളവിനുള്ളില്‍ പതിവായി തിരിച്ചടച്ച് ബാധ്യത ഒഴിവാക്കാം. ഇത് മൂന്ന് മുതല്‍ 24 മാസം വരെയാകാം. പലിശയും പ്രോസസ്സിങ് ചാര്‍ജുകളും നല്‍കേണ്ടി വരുമെങ്കിലും, അടയ്ക്കാത്ത കുടിശ്ശികയ്ക്ക് പിഴയും പലിശയും അടയ്ക്കുന്നതിനേക്കാള്‍ കുറവായിരിക്കും. ഇത് സിബില്‍ സ്‌കോര്‍ നിലനിര്‍ത്താനും സഹായിക്കും. ഇത് തെരഞ്ഞെടുക്കുന്നതിന് മുമ്പ് പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും പരിശോധിക്കാന്‍ മറക്കരുത്
മിനിമം ഡ്യൂ തുക തെരഞ്ഞെടുക്കുക
ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവില്‍ അടയ്‌ക്കേണ്ട മുഴുവന്‍ തുകയ്ക്ക് പകരം മിനിമം തുക മാത്രം അടച്ചാലും മതി. ഇത്തരത്തില്‍ മുഴുവന്‍ തുകയ്ക്ക് പകരം അടയ്ക്കാവുന്ന കുറഞ്ഞ തുകയെ മിനിമം ഡ്യൂ തുക എന്നാണ് പറയുന്നത്. ബില്‍ തുകയുടെ അഞ്ചു മുതല്‍ പത്തു ശതമാനം വരെയാണ് മിനിമം ഡ്യൂ ആയി ബാങ്കുകള്‍ പൊതുവെ കണക്കാക്കാറുള്ളത്. അതായത്, 12,000 രൂപയാണ് ഒരു മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ലെങ്കില്‍ 600 മുതല്‍ 1,200 രൂപ വരെയായിരിക്കും മിനിമം ഡ്യൂ തുക.
പണം അടയ്ക്കാന്‍ ഇത് തെരഞ്ഞെടുക്കുകയാണെങ്കില്‍, ശേഷിക്കുന്ന തുക അടുത്ത ബില്ലിങ് സൈക്കിളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. അടുത്ത ബില്ലിങ് സൈക്കിളില്‍ ലഭിച്ചേക്കാവുന്ന തുകയിലേക്ക് ഇത് ചേര്‍ക്കപ്പെടും. ഇത് സിബില്‍ സകോറിനെ ബാധിക്കുന്നതില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കും. എന്നിരുന്നാലും, ഉയര്‍ന്ന പലിശ കണക്കിലെടുക്കുമ്പോള്‍, ഈ ഓപ്ഷന്‍ അവസാന ആശ്രയമായി മാത്രമേ തെരഞ്ഞെടുക്കാവൂ.
ക്രെഡിറ്റ് പരിധി കവിയുന്നു
നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ ഒരു പ്രധാന തുക നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ബാധിച്ചേക്കാം. കൂടാതെ, നിങ്ങള്‍ പരിധി കവിയുകയാണെങ്കില്‍, ക്രെഡിറ്റ് പരിധി കവിയുന്നതിന് അധിക നിരക്കുകള്‍ ഈടാക്കിയേക്കാം. ആരോഗ്യകരമായ ക്രെഡിറ്റ് മാനേജ് മെന്റിനായി നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം നിങ്ങളുടെ ലഭ്യമായ പരിധിയുടെ 30% ല്‍ താഴെയായി നിലനിര്‍ത്താന്‍ ശ്രമിക്കുക.
പണം പിന്‍വലിക്കല്‍
സാധാരണ വാങ്ങലുകളില്‍ നിന്ന് വ്യത്യസ്തമായി, ക്രെഡിറ്റ് കാര്‍ഡ് പണം പിന്‍വലിക്കലുകള്‍ക്ക് പലപ്പോഴും ഉയര്‍ന്ന ഫീസുകളും ഉടനടി പലിശ നിരക്കുകളും വരും. അടിയന്തര സാഹചര്യമല്ലെങ്കില്‍, നിങ്ങളുടെ ചെലവുകള്‍ കുറയ്ക്കാന്‍ പണം പിന്‍വലിക്കലിനായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
നിബന്ധനകളും ഫീസുകളും അവഗണിക്കുന്നു
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ ചേരുന്നതിനുള്ള ഫീസ്, വാര്‍ഷിക പുതുക്കല്‍ ഫീസ്, ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫീസ്, വിദേശ ഇടപാട് ഫീസ് തുടങ്ങിയ അധിക ഫീസുകള്‍ വന്നേക്കാം. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ നിബന്ധനകളും വ്യവസ്ഥകളും അവഗണിച്ചാല്‍, നിങ്ങളുടെ ഇടപാടിന് ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വന്നേക്കാം.
അനാവശ്യമായ വാങ്ങലുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നു
ആഡംബരമോ അത്യാവശ്യമല്ലാത്തതോ ആയ വസ്തുക്കള്‍ വാങ്ങാന്‍ നിങ്ങളുടെ കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ പ്രലോഭിപ്പിച്ചേക്കാം, പക്ഷേ ഇത് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കടം വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. നിശ്ചിത തീയതിക്കുള്ളില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ കഴിയുന്നതിന് ഈ ചെലവുകള്‍ ഒഴിവാക്കുക.
ഈ പറഞ്ഞ കാര്യങ്ങളൊക്കെ പാലിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ സുഗമമായ പണമൊഴുക്ക് ഉറപ്പാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന അധിക പലിശ നിരക്കുകള്‍ അടയ്ക്കുന്നതും ഒഴിവാക്കാം. എന്നിരുന്നാലും, അധിക പലിശ ഒഴിവാക്കാന്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ നിശ്ചിത തീയതിക്ക് മുമ്പ് അടയ്‌ക്കേണ്ടതുണ്ട്.