വ്യാപകമായ നെറ്റ് വര്‍ക്ക് തടസ്സങ്ങള്‍ നേരിട്ട് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍; കോള്‍ ചെയ്യാന്‍ കഴിയുന്നില്ല; സേവനങ്ങള്‍ തടസപ്പെട്ടു

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തടസ്സം ആരംഭിച്ചത്;

Update: 2025-06-16 11:34 GMT

കേരളത്തിലെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ വ്യാപകമായ നെറ്റ് വര്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മൊബൈല്‍ സിഗ് നലുകള്‍, ജിയോ ഫൈബര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ആയിരക്കണക്കിന് പേരാണ് പരാതികളുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഇതുസംബന്ധിച്ച തടസ്സം ആരംഭിച്ചത്.

ഡൗണ്‍ ഡിറ്റക്ടറില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ഏകദേശം 200 ഉപയോക്താക്കള്‍ ജിയോയുടെ നെറ്റ് വര്‍ക്ക് ആക്സസ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പരാതി ഉന്നയിച്ചിരുന്നു. ഉച്ചയ്ക്ക് 1:30 ഓടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഉച്ചയ്ക്ക് 2:17 ആയപ്പോഴേക്കും 12,000 ത്തിലധികം പേര്‍ പരാതിയുമായി രംഗത്തെത്തി. മിക്ക പരാതികളും ഇന്റര്‍നെറ്റ് തടസ്സങ്ങളുമായി ബന്ധപ്പെട്ടതാണ്.

ഏകദേശം 56 ശതമാനം ഉപയോക്താക്കളും മൊബൈല്‍ ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. അതേസമയം, 29 ശതമാനം പേര്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് റിസപ്ഷനില്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ഏകദേശം 15 ശതമാനം പേര്‍ ജിയോ ഫൈബറുമായി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ (മുമ്പ് ട്വിറ്റര്‍) നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ ഫോണുകളില്‍ 'സേവനമില്ല' എന്ന് കാട്ടി സന്ദേശങ്ങളും സിഗ്‌നല്‍ ബാറുകളും കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടത്. പലരും കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ടാഗ് ചെയ്ത് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, നിലവില്‍, റിലയന്‍സ് ജിയോ തകരാറിനെ കുറിച്ചോ അതിന്റെ കാരണത്തെ കുറിച്ചോ ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

പ്രശ്‌നം ഒന്നിലധികം പ്രദേശങ്ങളിലെ ഉപയോക്താക്കളെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും പ്രശ്‌നം രാജ്യവ്യാപകമാണോ അതോ പ്രത്യേക മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്നും വ്യക്തമല്ല. മുന്‍കാലങ്ങളില്‍ ജിയോയ്ക്ക് ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പരാതികളുടെ അളവും പെട്ടെന്നുള്ള വര്‍ദ്ധനവും ഇത്തവണ കൂടുതല്‍ ഗുരുതരമായ സാങ്കേതിക തടസ്സത്തെ സൂചിപ്പിക്കുന്നു.

Similar News