ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ ഇന്ത്യയില്‍ അല്ല ചൈനയില്‍ തന്നെ നിര്‍മിക്കും; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്
ബ്ലൂബെര്‍ഗിന്റെ മാര്‍ക് ഗുര്‍മാന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.;
ആപ്പിള്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പൂര്‍ണമായും മാറ്റാന്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ കമ്പനിയുടെ 20-ാം വാര്‍ഷിക പ്രത്യേക ഐഫോണ്‍ പ്രോ മോഡലും ചരിത്രത്തിലെ ആദ്യ ഫോണ്‍ഡബിള്‍ ഐഫോണും ഇന്ത്യയില്‍ നിര്‍മിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്നും ഈ രണ്ട് ഐഫോണ്‍ മോഡലുകളും ചൈനയില്‍ തന്നെ നിര്‍മിക്കാനാണ് സാധ്യത എന്നുമാണ് പറയുന്നത്.
ബ്ലൂബെര്‍ഗിന്റെ മാര്‍ക് ഗുര്‍മാന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആപ്പിള്‍ കമ്പനിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏറ്റവും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിലാണ് ഗുര്‍മാന്‍ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാകാനേ വഴിയുള്ളൂ.
ഫോണ്‍ നിര്‍മാണത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം ഒഴിവാക്കുന്നതിനും - നിലവില്‍, യുഎസ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട് - യുഎസില്‍ വില്‍ക്കുന്ന എല്ലാ ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് ഫോണുകള്‍ ചൈനയില്‍ തന്നെ നിര്‍മിക്കാനാണ് ആപ്പിളിന്റെ ശ്രമം.
ആപ്പിളിന്റെ 20-ാം വാര്‍ഷിക ഐഫോണ്‍ മോഡലുകളുടെ നിര്‍മ്മാണത്തിനും ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മ്മാണത്തിനും ചൈനയെ തന്നെയാകും ആപ്പിള്‍ തെരഞ്ഞെടുക്കുകയെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാ ഐഫോണ്‍ മോഡലുകളും 2027-ഓടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിളിന് സാധിക്കില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല, പുത്തന്‍ ഡിസൈനില്‍ വരുന്ന ഐഫോണുകളുകള്‍ ചൈനയ്ക്ക് പുറത്ത് നിര്‍മ്മിച്ച ചരിത്രവും ആപ്പിളിനില്ല. ഗ്ലാസ്-സെന്‍ട്രിക് ഡിസൈനില്‍ 2027ല്‍ ഇറങ്ങാനിരിക്കുന്ന ഐഫോണുകള്‍ പുത്തന്‍ ഘടകങ്ങളും അസ്സെംബിളിംഗ് രീതികളും അവലംബിച്ചുള്ളതായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ചൈനയില്‍ വച്ചാണ് 2027ലെ ഐഫോണ്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നതെങ്കില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ഫോണുകളുടെ വില യുഎസില്‍ ഉയരും.
എന്നിരുന്നാലും ഇന്ത്യയില്‍ ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയില്‍ നിന്ന് പൂര്‍ണമായും ഐഫോണ്‍ അസ്സെംബിളിംഗ് ഇന്ത്യയിലേക്ക് മാറും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,87,886 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ അസ്സെംബിള്‍ ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണത്തില്‍ 60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഗുര്‍മാന്‍ പറയുന്നതനുസരിച്ച്, 20-ാം വാര്‍ഷിക ഐഫോണുകളെക്കുറിച്ച് ഇതുവരെ അധികമൊന്നും അറിയില്ല. എന്നിരുന്നാലും, ഐഫോണ്‍ ഹാര്‍ഡ് വെയര്‍ പരിപാടിയില്‍, 2027-ല്‍ ആപ്പിള്‍ അതിന്റെ ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ പുറത്തിറക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
2027-ലെ ഐഫോണില്‍ ധാരാളം ഗ്ലാസ് ഉപയോഗിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 20-ാം വാര്‍ഷിക ഐഫോണുകളുടെ പരിഷ്‌ക്കരിച്ച മോഡല്‍ കാരണം ഇവയ്ക്ക് കനത്ത വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ ഫോള്‍ഡിന് 2 ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുമെന്ന മുന്‍ റിപ്പോര്‍ട്ടുകളും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയെ ഐഫോണുകളുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കാന്‍ ആപ്പിള്‍ കുറച്ചുകാലമായി ഒരുങ്ങുകയാണ്. എന്നാല്‍ യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്നതിനാല്‍ വ്യാപാരം അവസാനിച്ചതോടെ, ആ മാറ്റത്തിന്റെ വ്യാപ്തിയും വേഗതയും കമ്പനി വേഗത്തില്‍ നിരീക്ഷിച്ചു.
കഴിഞ്ഞ ആഴ്ചയിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2026 അവസാനത്തോടെ, യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളുടെ വലിയൊരു പങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ്. അതായത്, ആപ്പിളിന്റെ നിലവിലെ ഉല്‍പ്പാദന നിലവാരം ഇരട്ടിയാക്കേണ്ടതുണ്ട്. നിലവില്‍ ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു.
കഴിഞ്ഞ വര്‍ഷം ആപ്പിളിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം ഏകദേശം 22 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യുഎസില്‍ വില്‍ക്കുന്ന മിക്കവാറും എല്ലാ ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ, ഇനിയങ്ങോട്ട് ആ സംഖ്യ ഗണ്യമായി വര്‍ദ്ധിക്കും.