ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍; നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്
ഇതോടെ താരം സെവാഗിന്റെ റെക്കോഡിനൊപ്പമെത്തി;
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ബാറ്റ് സ് മാന്‍ ഋഷഭ് പന്ത്. വ്യാഴാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലാണ് പന്തിന്റെ റെക്കോര്‍ഡ് നേട്ടം. ഒരു സിക്‌സുകൂടി നേടിയാല്‍ പന്ത് സിക്‌സുകളുടെ എണ്ണത്തില്‍ ഒന്നാമതെത്തും.
മത്സരത്തിലെ തന്റെ രണ്ടാമത്തെ സിക്‌സറോടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ദീര്‍ഘകാല റെക്കോര്‍ഡിനൊപ്പം പന്ത് എത്തി. പന്തിന് കാലിന്റെ വിരലിന് പരിക്കേറ്റെങ്കിലും അത് വകവയ്ക്കാതെയായിരുന്നു ബാറ്റെടുത്തത്. ഓള്‍ഡ് ട്രാഫോര്‍ഡ് കാണികളുടെ ഉച്ചത്തിലുള്ള ആര്‍പ്പുവിളികള്‍ക്കിടെയായിരുന്നു പന്തിന്റെ ബാറ്റിംഗ്.
രണ്ടാം ദിനത്തിലെ രണ്ടാം സെഷനില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 90-ാമത്തെ സിക്‌സറുമായി പന്ത് സെവാഗിനൊപ്പമെത്തി. ഇതിനുമുമ്പ്, ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ കളിക്കാരനായിരുന്നു സെവാഗ്. 103 മത്സരങ്ങളിലായാണ് ഈ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ 90 സിക്‌സറുകള്‍ നേടിയത്. ഫോര്‍മാറ്റില്‍ 80-ലധികം സിക്‌സറുകളുള്ള ഇന്ത്യന്‍ താരങ്ങളാണ് മുന്‍ ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ്മയും(88). എം.എസ്. ധോണിയും (78). 74 സിക്‌സറുകളുമായി നിലവിലെ കളിക്കാരില്‍ പന്തിന് പിന്നിലാണ് രവീന്ദ്ര ജഡേജ.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഋഷഭ് പന്ത് 75 പന്തില്‍ 54 റണ്‍സെടുത്താണ് പുറത്തായത്. രണ്ടു സിക്‌സുകളും മൂന്നു ഫോറുമാണ് മാഞ്ചസ്റ്ററില്‍ പന്ത് ബൗണ്ടറി കടത്തിയത്. മത്സരത്തിന്റെ ആദ്യ ദിവസം 37 റണ്‍സെടുത്ത് നില്‍ക്കെ ഋഷഭ് പന്ത് പരുക്കേറ്റ് പുറത്തായിരുന്നു. ക്രിസ് വോക്‌സിന്റെ യോര്‍ക്കര്‍ നേരിടുന്നതിനിടെ ബോള്‍ ഷൂസിലിടിച്ചാണ് ഋഷഭ് പന്തിന് പരുക്കേറ്റത്. താരത്തിന്റെ കാലില്‍ നീരുവന്നതോടെ ആദ്യ ദിവസം കളി നിര്‍ത്തി മടങ്ങുകയായിരുന്നു.
നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ ഗോള്‍ഫ് കാര്‍ട്ടില്‍ കയറ്റിയാണ് ഗ്രൗണ്ടില്‍നിന്നും കൊണ്ടുപോയത്. എന്നാല്‍ രണ്ടാം ദിവസം പ്രധാന ബാറ്റര്‍മാരെല്ലാം പുറത്തായതോടെ പന്ത് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ശേഷമാണ് ഋഷഭ് പന്ത് മടങ്ങിയത്. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഋഷഭ് ബോള്‍ഡാകുകയായിരുന്നു. പരുക്ക് വകവയ്ക്കാതെ ഗ്രൗണ്ടിലിറങ്ങി മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ കയ്യടികളോടെയാണ് മാഞ്ചസ്റ്ററിലെ ആരാധകര്‍ മടക്കി അയച്ചത്.