CRITICIZED | കഴിഞ്ഞ സീസണിന്റെ നിഴല്‍ മാത്രം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പോരാട്ടങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വാസിം ജാഫര്‍

Update: 2025-03-28 09:42 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പോരാട്ടങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വാസിം ജാഫര്‍. സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് രാജസ്ഥാന്‍ തോറ്റതിന് പിന്നാലെയാണ് വാസിമിന്റെ ഈ പ്രവചനം. ട്വിറ്ററിലൂടെയാണ് വാസിം രാജസ്ഥാന്‍ റോയല്‍സിനെതിരെ തിരിഞ്ഞത്.

രാജസ്ഥാന്‍ കഴിഞ്ഞ സീസണിന്റെ നിഴല് മാത്രമാണെന്നും വസീം ജാഫര്‍ പറഞ്ഞു. 'ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചെഹല്‍, ആര്‍. അശ്വിന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തിയില്ല. അവരുണ്ടാക്കിയ വിടവ് വലുതാണ്. പകരക്കാരായി കരുത്തരായ താരങ്ങളെ കൊണ്ടുവരുന്നതിലും ടീം പരാജയപ്പെട്ടു. ഈ സീസണില്‍ രാജസ്ഥാന്റെ പോരാട്ടങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകും' - എന്നും വാസിം ജാഫര്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് 44 റണ്‍സിന്റെ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ ഗുവാഹത്തിയില്‍ നടന്ന രണ്ടാം പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേയും തോല്‍വി ഏറ്റുവാങ്ങി. എട്ടു വിക്കറ്റിനാണ് കൊല്‍ക്കത്ത രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ കിരീടം നേടിയ രാജസ്ഥാന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി, -1.88 എന്ന നെറ്റ് റണ്‍ റേറ്റോടെ പട്ടികയില്‍ ഏറ്റവും താഴെയാണ്.

ഹൈദരാബാദിനെതിരെ അവരുടെ സ്വന്തം നാട്ടില്‍ ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ വഴങ്ങിയാണ് രാജസ്ഥാന്‍ ഐപിഎല്‍ 2025 സീസണ്‍ ആരംഭിച്ചത്.

യശസ്വി ജയ് സ്വാള്‍, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ് മിയര്‍, സന്ദീപ് ശര്‍മ എന്നിവരെയാണ് മെഗാലേലത്തിന് മുന്‍പ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. റിയാന്‍ പരാഗിനെയും ധ്രുവ് ജുറേലിനെയും വന്‍ തുക നല്‍കി നിലനിര്‍ത്തിയതില്‍ ഫ്രാഞ്ചൈസിക്കെതിരെ അന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. മാര്‍ച്ച് 30ന് ചെന്നെ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Similar News