'രോഹിത് ശര്‍മയ്ക്ക് തടി കൂടി'; ഷമ മൊഹമ്മദിന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമെന്ന് ബിസിസിഐ
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ് നെസിനെതിരെ സംസാരിച്ച കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിസിസിഐ രംഗത്ത്. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരം നടക്കാനിരിക്കെ ക്യാപ്റ്റനെക്കുറിച്ചുള്ള ഇത്തരം പ്രസ്താവനകള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പ്രതികരിച്ചു.
ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ നടത്തിയ ബാലിശമായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ പോരാടാനിരിക്കെയുള്ള ഇത്തരം പ്രസ്താവനകള്‍ അങ്ങേയറ്റം അപമാനകരവും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടീമിനെ പിന്തുണക്കേണ്ട സമയമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും അംഗീകരിക്കാനാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ആരാധകര്‍ ഇന്ത്യയെ ഒരുമിച്ച് പിന്തുണക്കേണ്ട സമയമാണെന്നും സൈക്കിയ പറഞ്ഞു. വിവാദം സംബന്ധിച്ച വാര്‍ത്താ ഏജന്‍സി എ എന്‍ ഐ യുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല അഭിപ്രായപ്പെട്ടു. ഷമ മുഹമ്മദ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഷമ മൊഹമ്മദ് പറഞ്ഞതും പോസ്റ്റിട്ടതും വ്യക്തിപരമായ അഭിപ്രായമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. രോഹിത് ഫിറ്റായ കളിക്കാരനാണ്. ഇന്ത്യന്‍ ടീമും രോഹിത്തിന് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രോഹിത് മഹാനായ കളിക്കാരനാണെന്നും' രാജീവ് ശുക്ല പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള എക്‌സ് പോസ്റ്റ് ഷമ മൊഹമ്മദ് പിന്‍വലിച്ചിരുന്നു. പിന്നാലെ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കളിക്കാരുടെ ഫിറ്റ് നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും, ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വിശദീകരിച്ചിരുന്നു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാടെന്ന് പറഞ്ഞ ഷമ കഴിഞ്ഞദിവസത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശര്‍മയ്ക്ക് തടി അല്‍പം കൂടുതലാണെന്ന് തോന്നി, അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും ഷമ പറഞ്ഞിരുന്നു.