ഐ.പി.എല്‍ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മലയാളികളും; ആരാധകര്‍ക്ക് കളി കാണാന്‍ കൊച്ചിയിലും പാലക്കാട്ടും ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കി ബി.സി.സി.ഐ
തിരുവനന്തപുരം: ഞായറാഴ്ച കൊല്‍ക്കത്തയില്‍ ഐപിഎല്‍ മാമാങ്കത്തിന് തിരിതെളിയുമ്പോള്‍ ആവേശപ്പൂരത്തില്‍ പങ്കാളികളാകാന്‍ മലയാളികളും. ഐപിഎല്‍ ആരാധകരെ നിരാശപ്പെടുത്താതെ മത്സരങ്ങളുടെ ആവേശം ഒട്ടും കുറയാതെ വലിയ സ്‌ക്രീനില്‍ തത്സമയം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ബി.സി.സി.ഐ. പ്രവേശനവും സൗജന്യമായിരിക്കും.
കൊച്ചിയിലും പാലക്കാട്ടുമാണ് ഇത്തരത്തില്‍ ഐപിഎല്‍ ഫാന്‍ പാര്‍ക്കുകളുടെ വേദി ഒരുക്കിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. മാര്‍ച്ച് 22, 23 തീയതികളിലെ മത്സരങ്ങളാണ് കൊച്ചിയില്‍ സജ്ജീകരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.
മാര്‍ച്ച് 29,30 തീയതികളില്‍ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ടമൈതാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടാതെ ഫുഡ് സ്റ്റാള്‍, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകള്‍ എന്നിവയും ഐപിഎല്‍ ആരാധകര്‍ക്ക് വേണ്ടി ഫാന്‍ പാര്‍ക്കുകളില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടിയുള്ള സംവരണ മേഖലകള്‍ പാര്‍ക്കില്‍ ഉള്‍പ്പെടും. വാട്ടര്‍ സ്റ്റേഷനുകള്‍, മൊബൈല്‍ ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും. രാജ്യത്തെ 50 നഗരങ്ങളിലാണ് ഇത്തരത്തില്‍ ബി.സി.സി.ഐ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുള്ളത്.
കലൂരിലെ ഐപിഎല്‍ ഫാന്‍ പാര്‍ക്കില്‍ ശനിയാഴ്ച വൈകുന്നേരം 6.30 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ഉദ്ഘാടന മത്സരം പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ രണ്ട് മത്സരങ്ങളും വൈകുന്നേരം ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടക്കും.
23 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 50 നഗരങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താത്ത, തത്സമയ സ്റ്റേഡിയ അനുഭവം ആരാധകര്‍ക്ക് എത്തിക്കുന്നതിനായാണ് ഫാന്‍ പാര്‍ക്കുകള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്‍ ഫാന്‍ പാര്‍ക്കുകള്‍ മാര്‍ച്ച് 22 ന് ആരംഭിച്ച് മെയ് 25 ന് അവസാനിക്കുന്ന 10 വാരാന്ത്യങ്ങളിലായി നടക്കും. കൊച്ചി ഉള്‍പ്പെടെ അഞ്ച് നഗരങ്ങളില്‍ സീസണിലെ ആദ്യത്തെ ഫാന്‍ പാര്‍ക്കുകള്‍ ഉണ്ടാകും.