ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് തുടക്കത്തില്‍ തന്നെ 3 വിക്കറ്റ് നഷ്ടം
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തുടക്കത്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി. ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനെയും ഇമാം ഉള്‍ ഹഖിനെയും ബാബര്‍ അസമിനെയുമാണ് നഷ്ടമായത്. 10 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ അക്‌സര്‍ പട്ടേല്‍ ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടാക്കിയപ്പോള്‍ 23 റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 46 റണ്‍സില്‍ പുറത്തായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 32 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. 55 റണ്‍സുമായി സൗദ് ഷക്കീലും സല്‍മാനുമാണ് ക്രീസില്‍.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ഇമാമും ബാബറും ചേര്‍ന്ന് 8 ഓവറില്‍ 41 റണ്‍സെടുത്ത് നല്ല തുടക്കം നല്‍കി. എന്നാല്‍ 26 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 23 റണ്‍സെടുത്ത ബാബറിനെ വിക്കറ്റിന് പിന്നില്‍ രാഹുലിന്റെ കൈകളിലെത്തിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഇമാമിനെ അക്‌സര്‍ റണ്ണൗട്ടാക്കി. ഇതോടെ പാകിസ്ഥാന്‍ 47-2 എന്ന സ്‌കോറില്‍ പതറി.
തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ പാകിസ്ഥാന്റെ സ്‌കോറിംഗ് മന്ദഗതിയിലായി. പിന്നീട് 32 പന്തുകളില്‍ ഒരു ബൗണ്ടറിപോലും നേടാന്‍ റിസ് വാനും സൗദ് ഷക്കീലിനും കഴിഞ്ഞില്ല. ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത മുഹമ്മദ് ഷമി അഞ്ചോവറില്‍ 18 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ഷിത് റാണ മൂന്നോവറില്‍ 13 റണ്‍സ് വഴങ്ങി. അഞ്ചോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗില്‍ തിളങ്ങി.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. പരുക്കേറ്റ് പുറത്തായ ഫഖര്‍ സമന് പകരം ഇമാം ഉള്‍ ഹഖ് പാക് ഇലവനിലെത്തി. ഇന്ത്യ കഴിഞ്ഞ മത്സരം ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്തി.