ഇരുമ്പ് 'റോഡ്' കഴുത്തില്‍ വീണു; വെയ്റ്റ് ലിഫിറ്റിങ് താരത്തിന് ദാരുണാന്ത്യം

Update: 2025-02-20 07:24 GMT

ബികാനിര്‍: പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പ് 'റോഡ്' കഴുത്തില്‍ വീണ് വെയ്റ്റ് ലിഫിറ്റിങ് താരത്തിന് ദാരുണാന്ത്യം. ജൂനിയര്‍ ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ യാസ്തിക ആചാര്യയാണ് മരിച്ചത്. രാജസ്ഥാനിലെ ബികാനിറില്‍ ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. ഇരുമ്പ് ദണ്ഡ് വീണ് 17 വയസ്സുകാരിയുടെ കഴുത്ത് ഒടിഞ്ഞുപോയതായി വിക്രം തിവാരി എന്ന പൊലീസുകാരന്‍ പറഞ്ഞു.

അപകട സമയത്തെ താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പരിശീലകനേയും കാണാം. അടുത്തു തന്നെ ഇയാള്‍ നില്‍ക്കുന്നുണ്ടെങ്കിലും ഭാരം താങ്ങാനാകാതെ ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ പരിശീലകനും പരുക്കേറ്റു. യാസ്തികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വെയ്റ്റ് ലിഫ്റ്റിങ്ങിലെ സ്‌ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയ ഇനങ്ങള്‍ ഒളിംപിക്‌സ് പോലുള്ള ഗെയിംസുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Similar News