കാട്ടുപന്നി, മയില്‍, പെരുച്ചാഴി, കുറുക്കന്‍...; കര്‍ഷകരുടെ കാര്യം കഷ്ടമാണ്
ബദിയടുക്ക ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവായി;
കുംബഡാജെ മാര്‍പ്പനടുക്കയിലെ ജനവാസ കേന്ദ്രത്തിലെത്തിയ മയിലുകള്‍
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നികളും മയില്‍ക്കൂട്ടങ്ങളും പരക്കെ കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. കൃഷി ഉപജീവനമാക്കിയവരാണ് മയിലുകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. പച്ചക്കറി കൃഷിക്കാണ് മയിലുകള്‍ കൂടുതലും നാശം വരുത്തുന്നത്. പയര്‍, വെള്ളരി, വെണ്ട ഉള്‍പ്പെടെയുള്ളവ മുളപൊട്ടി വളര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ മയിലുകള്‍ കൊത്തി നശിപ്പിക്കുന്നു. ഇതോടെ പച്ചക്കറി കൃഷിയുടെ വളര്‍ച്ച മുരടിക്കുകയാണ്. കാട് നിറഞ്ഞ പ്രദേശങ്ങളില്‍ തമ്പടിക്കുന്ന മയിലുകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നു. ഇലകളും തിരികളും കൊത്തി തിന്ന ശേഷം മാത്രമേ ഇവ മടങ്ങുകയുള്ളൂ. നേന്ത്രവാഴ കൃഷിക്കും മയിലുകള്‍ ഭീഷണിയാണ്. കൃഷിയിറക്കിയ വാഴക്കന്നില്‍ നിന്ന് തിരി വരുമ്പോള്‍ തന്നെ മയിലുകള്‍ കൊത്തിതിന്നുന്നു. മയിലുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മതിയായ മുന്‍കരുതലും സുരക്ഷയും ഇല്ലെങ്കില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകര്‍ മയിലുകള്‍ക്ക് പുറമെ കാട്ടുപന്നികളുടെ ശല്യവും നേരിടുന്നുണ്ട്. കിഴങ്ങു കൃഷികള്‍ക്ക് പന്നികളും പെരുച്ചാഴികളും ഭീഷണിയായി മാറുന്നു. മരച്ചീനിയും മധുരക്കിഴങ്ങും പന്നികള്‍ കാടിറങ്ങിയെത്തി തിന്നുമുടിക്കുന്നു. എത്ര സുരക്ഷ ഒരുക്കിയാലും പന്നികളുടെ വരവിനെ ചെറുക്കാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. മുമ്പൊക്കെ പന്നികളെ കെണിവെച്ച് കൊന്നാണ് കര്‍ഷകര്‍ കിഴങ്ങുകൃഷിയെ സംരക്ഷിച്ചിരുന്നത്. പന്നികളെ കൊന്നാല്‍ കേസില്‍ പെടുമെന്നായതോടെ പന്നികളെ ചെറുക്കന്‍ കഴിയാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. രാത്രി കാലത്ത് കുറുക്കന്‍മാരും കൃഷിയിടങ്ങളില്‍ നാശം വിതക്കുന്നു. പല സ്ഥലങ്ങളിലും കാട് വെട്ടി തെളിച്ചതോടെയാണ് മയിലുകളും മറ്റു വന്യമൃഗങ്ങളും വെള്ളവും തീറ്റയുമില്ലാതെ കൃഷിയിടത്തിലേക്കിറങ്ങുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.