കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ നഗരത്തിലടക്കം പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

Update: 2025-04-25 09:33 GMT

ബെദിരയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കാസര്‍കോട്: നാട് കൊടിയ വരള്‍ച്ചയുടെ പിടിയിലമരുമ്പോള്‍ നാടാകെ പൈപ്പുകള്‍ പൊട്ടി വെള്ളം യഥേഷ്ടം പാഴാകുന്നു. തളങ്കര, ടൗണിന്റെ വിവിധ ഭാഗങ്ങള്‍, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തായി പൈപ്പ് ലൈന്‍ പൊട്ടി വെള്ളംപാഴാവുകയാണ്. തളങ്കര ജദീദ് റോഡ്, ഖാസിലേന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടാഴ്ചയിലേറെയായി പൈപ്പ് പൊട്ടിയിട്ട്. ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടും പൈപ്പ് ലൈന്‍ നന്നാക്കി വെള്ളം പാഴാവുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നഗരത്തില്‍ താലൂക്ക് ഓഫീസിന് സമീപം പ്രധാന റോഡില്‍ ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം റോഡില്‍ ഒഴുകുകയാണ്. അണങ്കൂര്‍ ബെദിരയില്‍ പത്ത് ദിവസത്തിലേറെയായി റോഡരികില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയാണ്. ഇത് സംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ തന്നെ മറ്റ് ചിലയിടങ്ങളിലും ഇതേ അവസ്ഥയുണ്ട്. ഒരിറ്റ് വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം ഇങ്ങനെ യഥേഷ്ടം കുടിവെള്ളം പാഴാവുന്നത്.


Similar News