പൂരംകുളി സംഘത്തിന് കാല് പൊള്ളരുത്; റോഡില്‍ വെള്ളം നനയ്ക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞിയും

By :  Sub Editor
Update: 2025-04-11 09:48 GMT

പൂരംകുളി സംഘം പോകുന്ന ചുട്ടുപൊള്ളുന്ന റോഡില്‍ തണുപ്പിക്കാനായി വെള്ളം നനയ്ക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: ചുട്ടുപൊള്ളുന്ന റോഡിനെ തണുപ്പിക്കാന്‍ മുസ്ലിംലീഗ് നേതാവും വാര്‍ഡ് കൗണ്‍സിലറുമായ മുഹമ്മദ് കുഞ്ഞി വെള്ളം നനയ്ക്കുന്ന കാഴ്ച കണ്ണിനും മനസിനും കുളിര്‍മ പകര്‍ന്നു. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പൂരോത്സവത്തിന്റെ സമാപന ചടങ്ങായ പൂരംകുളിക്ക് പോയി മടങ്ങിവരുന്ന ക്ഷേത്രത്തിലെ സംഘത്തിന് ചുട്ടു പൊള്ളുന്ന റോഡില്‍ നിന്ന് ആശ്വാസം പകരാന്‍ വാഹനത്തില്‍ വെള്ളം കൊണ്ടുവന്ന് ഒഴിക്കുന്ന സംഘത്തോടൊപ്പം മതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മുഹമ്മദ് കുഞ്ഞിയും ചേര്‍ന്നതോടെ പൂരത്തിന്റെ സമാപന ആഘോഷം സ്‌നേഹത്തിലലിഞ്ഞു. തെരുവ് അറയില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് തോയമ്മല്‍ കവ്വായി പുഴയില്‍ പൂരംകുളിക്കാന്‍ പോയ സംഘത്തിനാണ് സഹായവുമായി പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞിയെത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുഹമ്മദ് കുഞ്ഞിക്ക് പല ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.


Similar News