കാസര്‍കോട്: ഓണമെത്തുമ്പോഴേക്കും പച്ചക്കറി വില കുതിക്കുന്നു. പല വിഭവങ്ങള്‍ക്കും കിലോവിന് നൂറ് രൂപക്ക് മുകളിലാണ്. നാള്‍ക്കുനാള്‍ വിലയില്‍ ഉണ്ടാകുന്ന മാറ്റം ഓണസദ്യ ഒരുക്കുന്നതില്‍ കുടുംബാംഗങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഓണ സീസണാകുമ്പോള്‍ പച്ചക്കറി വില വില്‍പനക്കാര്‍ വര്‍ധിപ്പിക്കുകയാണെന്നാണ് പല ഉപഭോക്താക്കളും പറയുന്നത്. എന്നാല്‍ വിപണി അനുസരിച്ചാണ് വിലവര്‍ധനവെന്ന് വ്യാപാരികളും പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും കാസര്‍കോട് ജില്ലയിലേക്ക് പച്ചക്കറികള്‍ എത്തുന്നത്. കാലവര്‍ഷം ശക്തമായത് പച്ചക്കറി ഉല്‍പാദനത്തെ ബാധിച്ചതിനാല്‍ വില കുതിച്ചുയരാന്‍ കാരണമെന്ന് ഇടനിലക്കാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പച്ചക്കറി വില കുതിച്ചുയര്‍ന്നപ്പോള്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. തക്കാളിക്കും മുരിങ്ങയ്ക്കുമൊക്കെ കഴിഞ്ഞ തവണ 100 മുതല്‍ 400 രൂപ വരെയായിരുന്നു വില. ചെറുനാരങ്ങക്കാവട്ടെ 300 രൂപയുമായിരുന്നു. എന്നാല്‍ താരതമ്യേന തക്കാളിക്കും നാരങ്ങക്കും ഇത്തവണ വില കുറവാണെങ്കിലും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വില വര്‍ധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നു. വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന ആഴ്ച ചന്തയില്‍ വില കുറച്ച് ലഭിക്കുന്നതായും പല ഉപഭോക്താക്കളും പറയുന്നു. ഏതാനും ദിവസം മുമ്പ് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 40 കടന്നു. 60 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്ക് 100 രൂപയും കടന്നു. മറ്റു വിഭവങ്ങള്‍ക്കും കുത്തനെ വില വര്‍ധിച്ചിട്ടുണ്ട്. നാടന്‍ പച്ചക്കറികളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ടെങ്കിലും ദിവസങ്ങളായി തുടരുന്ന മഴ കര്‍ഷകരെ ആശങ്കപ്പെടുത്തുകയാണ്.