ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗും ബോര്‍ഡുകളും; ക്രോസ് റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡില്‍ റോഡിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും കടകളുടെ വലിപ്പത്തിലുള്ള ബോര്‍ഡുകളും കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ് ഇത്. റോഡ് സ്വകാര്യ വ്യക്തിയുടേതാണെങ്കിലും കോണ്‍ക്രീറ്റ് ചെയ്യാനായി നഗരസഭക്ക് കൈമാറിയിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പഴയ ബസ്സ്റ്റാന്റില്‍ നിന്ന് കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് സൗകര്യത്തിനായി ട്രാഫിക്ക് അധികൃതര്‍ നേരത്തെ തന്നെ ഈ റോഡ് വണ്‍വേ ആക്കിയിട്ടുണ്ട്. ഇതിലൂടെ കടന്ന് സെക്കന്റ് ക്രോസ് റോഡ് വഴി പഴയ ബസ്സ്റ്റാന്റിലേക്കും കെ.പി.ആര്‍ റാവു റോഡ്-ഹെഡ്‌പോസ്റ്റ് വഴിയും വാഹനങ്ങള്‍ക്ക് കടന്നുപോകാം. കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകാന്‍ മാത്രം ചെറിയ സൗകര്യമാണ് നിലവിലുള്ളത്. അതിനിടെ റോഡിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പല വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ജനറേറ്ററുകളും റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകുന്നതിന് തടസമാവുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഇറങ്ങുന്നത് തന്നെ വാഹനങ്ങളുടെ മുന്നിലേക്കാണ്. കൈക്കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകളാണ് അപകടത്തിലേക്ക് ചെന്നുചാടുന്നത്. വാഹനങ്ങളുടെ മെല്ലേപോക്ക് കാരണവും ഭാഗ്യവും കൊണ്ടാണ് അപകടങ്ങള്‍ പലപ്പോഴും വഴി മാറുന്നത്. ക്രോസ് റോഡ് തുടങ്ങുന്നിടത്ത് തെരുവ് കച്ചവടക്കാരും കയ്യടക്കിയിരിക്കുകയാണ്. നേരത്തെ പരാതി ഉയര്‍ന്നതോടെ നഗരസഭ അധികൃതര്‍ ഇവ ഒഴിപ്പിച്ചിരുന്നുവെങ്കിലും ഇവരുടെ സാധനങ്ങള്‍ ഇപ്പോഴും മാറ്റിയിട്ടില്ല. ഈ റോഡിന് പിറകില്‍ ഇരുചക്ര വാഹനങ്ങളടക്കം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പലരും അത് ഉപയോഗപ്പെടുത്തുന്നില്ല. അധികൃതര്‍ ഇടപ്പെട്ട് പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.