കുമ്പളയിലെ 'ടൂവേ' സര്‍വീസ് റോഡ്; വാഹനാപകടങ്ങള്‍ക്ക് പിന്നാലെ ഗതാഗതക്കുരുക്കും രൂക്ഷമായി

Update: 2025-05-30 10:38 GMT

കുമ്പളയിലെ ഇടുങ്ങിയ സര്‍വീസ് റോഡിലെ ഗതാഗതക്കുരുക്ക്‌

കുമ്പള: വ്യാപാരികളുടേയും നാട്ടുകാരുടേയും മുറവിളി കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് കുമ്പള ടൗണില്‍ വലിയതോതിലുള്ള യാത്രാദുരിതത്തിന് കാരണമാകുന്നു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ അടിപ്പാത വഴി ബസ്സ്റ്റാന്റിലേക്കുള്ള സര്‍വീസ് റോഡ് 'ടൂവേ' സംവിധാനത്തിലാക്കിയതോടെ വാഹനാപകടങ്ങള്‍ക്ക് പിന്നാലെ വലിയ ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് ഇവിടെ രാത്രി മംഗലാപുരത്തേക്ക് പോവുന്ന അവസാന കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ വാനും കൂട്ടിയിടിച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ ഈ സര്‍വീസ് റോഡില്‍ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ആളില്ലാത്തതിനാല്‍ വാഹന ഉടമകള്‍ തമ്മില്‍ വാക്കേറ്റവും പതിവാണ്. ഇത് കയ്യാങ്കളിയിലെത്തുമോ എന്ന ഭയം നാട്ടുകാര്‍ക്കുണ്ട്. അത്രക്കും രൂക്ഷമാണ് ഗതാഗത കുരുക്ക്. ഇടുങ്ങിയ സര്‍വീസ് റോഡിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് നേരത്തെ തന്നെ വ്യാപാരികളടക്കമുള്ളവര്‍ അധികൃതരോട് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.

ദേശീയപാതയില്‍ നിന്ന് കുമ്പള ടൗണിലേക്ക് നേരിട്ടുള്ള വഴി അടച്ചതോടെയാണ് സര്‍വ്വീസ് റോഡ് 'ടൂവേ' സംവിധാനം ആക്കിയത്. രണ്ട് ബസുകള്‍ക്കോ വലിയ 2 വാഹനങ്ങള്‍ക്കോ ഒരേസമയം കടന്നുപോവുന്നതിന് വലിയ പ്രയാസമുണ്ടാവുന്നു. അത് ഗതാഗതക്കുരുക്കിന് പ്രധാന കാരണവുമാവും. അതിനിടെ ഈ ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതയൊരുക്കാത്തതും സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കും ദുരിതമാവും.


Similar News