കുമ്പള എക്‌സൈസ് കെട്ടിടത്തില്‍ നിന്ന് തിരിയാന്‍ ഇടമില്ല; കേസുകളില്‍പെട്ട വാഹനങ്ങള്‍ നിറഞ്ഞത് തലവേദനയാകുന്നു
കുമ്പള എക്‌സൈസ് ഓഫീസ്
കുമ്പള: മയക്കുമരുന്ന്-മദ്യക്കടത്ത് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കുമ്പള എക്സൈസ് സംഘം ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ നെഞ്ച് പിടയുന്നു. നിന്ന് തിരിയാന്‍ സൗകര്യമില്ലാത്ത കെട്ടിടമാണ് ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുന്നത്. അബ്കാരി മയക്കുമരുന്ന് കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ അകത്തും പുറത്തും നിറഞ്ഞിരിക്കുകയാണ്. ഒരു മാസത്തിനിടെ കര്‍ണാടക മദ്യം കടത്തിയതിനും മയക്കുമരുന്ന് കടത്തിയതിനും അഞ്ചോളം കേസുകളിലെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് കുമ്പള എക്സൈസ് ഓഫീസിന് നേരെ അര്‍ദ്ധരാത്രിയില്‍ ആക്രമം നടന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വെക്കാന്‍ പോലും ധൈര്യമില്ലാത്ത അവസ്ഥയാണ്. എക്സൈസ് ഓഫീസ് കെട്ടിട വരാന്തയിലും പുറത്തും മയക്കുമരുന്നു കേസുകളിലും അബ്കാരി കേസുകളിലും പിടികൂടിയ വാഹനങ്ങള്‍ നിറഞ്ഞത് എക്സൈസ് സംഘത്തിന് തലവേദന സൃഷ്ടിക്കുകയാണ്. പുറത്ത് നിര്‍ത്തിട്ട വാഹനത്തിന്റെ സാമഗ്രികള്‍ കളവ് പോകുമെന്ന ഭയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളായ (തലപ്പാടി, ബായാര്‍, പൈവളിഗെ, ആനക്കല്ല്) എന്നീ പ്രദേശങ്ങളില്‍ കൂടി മയക്കുമരുന്ന്, കര്‍ണാടക മദ്യം കടത്തുന്ന മാഫിയകളടെ താവളമാണ്. ഇതെല്ലാം കുമ്പള എക്സൈസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ്.