നല്ല കെട്ടിടമുണ്ട്, പക്ഷെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല

ബദിയടുക്ക സി.എച്ച്.സിയില്‍ ഒ.പി മുടങ്ങുമെന്ന് ആശങ്ക;

Update: 2025-05-29 10:15 GMT

ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രം

ബദിയടുക്ക: മഴക്കാല രോഗങ്ങളും പകര്‍ച്ച വ്യാധികളും പിടിപ്പെടാന്‍ തുടങ്ങിയതോടെ ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സുഗമമായി ഒ.പി പ്രവര്‍ത്തിപ്പിക്കാനാവാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. എട്ട് ഡോക്ടര്‍മാര്‍ വേണ്ട ആസ്പത്രിയില്‍ നിലവില്‍ മൂന്ന് പേരാണുള്ളത്. സുഗമമായി ഒ.പി നടത്തുന്നതിന് ഒരു ഡോക്ടറെ കൂടി നിര്‍ബന്ധമായും നിയമിക്കണമെന്നാണ് പ്രധാന ആവശ്യം. ഇവിടെ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഡോക്ടറെ കിട്ടിയാല്‍ തത്സമയം നിയമനം നടത്താന്‍ തയ്യാറാണെന്നും അതിനുള്ള ശ്രമം പലതവണ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എല്ലാ ഭൗതീക സാഹചര്യങ്ങളും ഉള്ള കെട്ടിടമാണ് ഇവിടത്തേത്. നിലവിലുള്ള ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ ചുമതലയാണ്. മെഡിക്കല്‍ ഓഫീസര്‍ക്ക് പല യോഗങ്ങളിലും പങ്കെടുക്കേണ്ടി വരുന്നതിനാല്‍ രോഗികളെ സ്ഥിരമായി പരിശോധിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മെഡിക്കല്‍ ഓഫീസറായി സിവില്‍ സര്‍ജനെ കഴിഞ്ഞ വര്‍ഷം നിയമിച്ചെങ്കിലും അദ്ദേഹം വി.ആര്‍.എസ് എടുത്തുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കിടെ ആറ് ഡോക്ടര്‍മാരെ പി.എസ്.സി വഴി സ്ഥിരം നിയമനം നടത്തിയെങ്കിലും ഉടന്‍ തന്നെ ഉപരി പഠനത്തിന് പോയി. നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പ്രവൃത്തി സമയമെങ്കിലും വൈകിട്ട് നാല് മണി വരെ രോഗികളെ പരിശോധിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ ഇവിടെ ഒ.പി മുടങ്ങുമെന്ന ആശങ്കയിലാണ് രോഗികള്‍.


Similar News