പാലങ്ങളിലെത്തുമ്പോള്‍ ദേശീയപാത ചുരുങ്ങുന്നു; അപകടം തുടര്‍ക്കഥയാവുന്നതില്‍ ആശങ്ക

By :  Sub Editor
Update: 2025-03-05 10:58 GMT

രണ്ടുവരിപ്പാതയില്‍ നിലനിര്‍ത്തി മുഖം മിനുക്കുന്ന മൊഗ്രാല്‍ ദേശീയപാതയിലെ പഴയപാലം

കാസര്‍കോട്: ദേശീയപാത ആറ് വരിയാക്കി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നില്‍ക്കെ നിലവിലുള്ള പാലങ്ങള്‍ അതേപടി നിലനിര്‍ത്തിയ സ്ഥലങ്ങളില്‍ ദേശീയപാതയുടെ വീതി കുറഞ്ഞത് അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് ആശങ്ക. നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ കണ്ണുതുറക്കാത്തതാണ് വാമഞ്ചൂര്‍ വാഹനാപകടത്തിന് പ്രധാന കാരണമെന്ന് വിമര്‍ശനം ഉയരുകയാണ്.

പഴയ പാലങ്ങള്‍ രണ്ടുവരിയില്‍ നിലനിര്‍ത്തിയതിനാല്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ പാലത്തിലെത്തുമ്പോള്‍ മൂന്നുവരി പാതയില്‍ നിന്ന് രണ്ടുവരി പാതയിലേക്ക് പൊടുന്നനെ ചുരുങ്ങുന്നത് ഇത്തരം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂര്‍ണ്ണമായും തകര്‍ന്ന് അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പരാതി കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് വലിയ അപകടത്തിന് കാരണമായതെന്ന് പരാതി ഉയരുകയാണ്. തലപ്പാടി-ചെങ്കള റീച്ചില്‍ മൂന്നുവരി പുതിയ പാലങ്ങള്‍ പണിതതിനൊപ്പം രണ്ടുവരിയുള്ള പഴയ പാലം അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ്. പാലങ്ങളിലെത്തുമ്പോള്‍ ദേശീയപാതയുടെ വീതി കുറയുന്നത് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുമെന്നാണ് ആശങ്ക. മൊഗ്രാലിലെ പഴയ പാലം രണ്ടുവരിയില്‍ നിലനിര്‍ത്തിയാണ് മിനുക്ക് പണികള്‍ പുരോഗമിക്കുന്നത്. ഇവിടെയും അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് സംബന്ധിച്ച് മൊഗ്രാല്‍ ദേശീയവേദി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടിയൊന്നും ഉണ്ടായില്ല. ദേശീയപാത ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അശാസ്ത്രീയമായാണ് പലയിടത്തും പ്രവൃത്തികള്‍ നടക്കുന്നതെന്നും ധൃതി പിടിച്ചുള്ള ഇത്തരം പ്രവൃത്തികള്‍ സമീപഭാവിയില്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നു.


Similar News